Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഖാംനഈയുടെ പിൻഗാമിയെ തെരഞ്ഞെടുത്തിട്ടില്ല’; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ഇറാൻ

text_fields
bookmark_border
Iran rejects claims that a successor for Khamenei has been selected
cancel

തെഹ്റാൻ: യു.എസ്- ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി അദ്ദേഹത്തിന്‍റെ മകൻ മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തു എന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ ഇറാൻ തള്ളിക്കളഞ്ഞു.

മുംബൈയിലെ കോൺസുലേറ്റ് ജനറൽ വഴി ഇറാൻ സർക്കാറാണ് ഇക്കാര്യം നിഷേധിച്ചത്. ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈ പിൻഗാമിയായി തെരഞ്ഞെക്കപ്പെട്ടുവെന്നും പരമോന്നത നേതാവായി ചുമതലയേൽക്കുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാൻ അസംബ്ലി ഓഫ് എക്സ്പേർട്ട്സിന്‍റെ പേരിൽ പ്രചരിക്കുന്ന വാർത്തയാണ് ഔദ്യോഗികമായി ഇറാൻ സർക്കാർ തള്ളിക്കളഞ്ഞത്. ഇറാന്റെ മുംബൈയിലെ കോൺസുലേറ്റ് ജനറൽ എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേൽ മാധ്യമങ്ങൾ മുജ്തബ ഖാംനഈയെ അടുത്ത പരമോന്നത് നേതാവായി തെരഞ്ഞെടുക്കാനിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളിൽനിന്ന് ഇതുസംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതേസമയം, ആയത്തുല്ല ഖാംനഈക്ക് ഇന്ന് രാത്രി തെഹ്റാനിലെ ഇമാം ഖാംനഈ പ്രാർഥനാ മൈതാനിയിൽ അനുസ്മരണച്ചടങ്ങ് നടക്കും. മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനുശേഷം സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാനെ ആക്രമിച്ചതിൽ ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി യു. എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ചു. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ യു.എസ് ഇറാനിൽ ബോംബാക്രമണം നടത്തിയെന്നും നയതന്ത്ര ബന്ധങ്ങൾ വഷളാക്കിയെന്നും ആണവായുധ ചർച്ചയെ വെറും റിയൽ എസ്റ്റേറ്റ് ഇടപാടുകളായാണ് പരിഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ അവർ അതിൽ ഒന്നെങ്കിലും ഉപയോഗിച്ചേനെ എന്ന് ചൊവ്വാഴ്ച്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് പരിഹസിച്ചിരുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ചെയ്തില്ലായിരുന്നെങ്കിൽ ഇവിടൊരു ആണവ യുദ്ധം ഉണ്ടായേനെ എന്നും ഇറാൻ നേതൃത്വം ഭ്രാന്തന്മാരാണെന്നുമായിരുന്നു ട്രംപിന്‍റെ വിമർശനം.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങളെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran rejects claims that a successor for Khamenei has been selected
Next Story