‘സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകില്ല, നിബന്ധനകൾ അംഗീകരിക്കാതെ അമേരിക്കയുമായി ചർച്ചയില്ല’; നിലപാട് കടുപ്പിച്ച് ഇറാൻ
text_fieldsതെഹ്റാൻ: സമാധാന കരാർ സംബന്ധിച്ച ചർച്ചകൾ സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്ത് നിന്ന് പുറത്തേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ. പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇറാന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മുഹ്‌സിൻ റസായി നിലപാട് വ്യക്തമാക്കിയത്. സമാധാന ചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ പ്രധാനപ്പെട്ട ദേശീയ സമ്പത്താണെന്ന് മുഹ്സിൻ റസായി വ്യക്തമാക്കി. അതിനാൽ, അത് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് ഇറാൻ പാകിസ്താൻ പ്രതിനിധി സംഘത്തിന് നൽകിയത്. അമേരിക്കയെ വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചർച്ചകൾക്ക് തയാറായാൽ വീണ്ടും ആക്രമിക്കപ്പെടുമെന്ന ആശങ്ക ഇറാനിലുണ്ടെന്നും റസായി പറഞ്ഞു. ആയുധനിർമാണത്തിന് ആവശ്യമായ നിലവാരത്തോട് അടുത്തുനിൽക്കുന്ന യുറേനിയം വിദേശത്തേക്ക് അയക്കരുതെന്ന പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈയുടെ നിലപാടും റസായി ചൂണ്ടിക്കാട്ടി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പാകിസ്താന്റെ നേതൃത്വത്തിൽ മധ്യസ്ഥശ്രമങ്ങൾ തുടരുന്നതിനിടെയാണ് ചർച്ചകൾക്ക് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ നിലപാട് കടുപ്പിച്ചത്. ഇതിന്റെ ഭാഗമായി അസീം മുനീർ ഇറാനിലെത്തി പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫുമായും കൂടിക്കാഴ്ച നടത്തി.
ഹുർമുസിലെ കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാൻ കഴിഞ്ഞ മാസം മുന്നോട്ടുവെച്ച ഏഴ് നിബന്ധനകൾ അമേരിക്ക പാലിക്കാതെ തെഹ്‌റാന്റെ വിശ്വാസം വീണ്ടെടുക്കാനാകില്ലെന്ന് ഖാലിബാഫ് വ്യക്തമാക്കി. ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള യു.എസ് ഉപരോധം അവസാനിപ്പിക്കുക, എണ്ണ കയറ്റുമതി ഉപരോധങ്ങൾ പിൻവലിക്കുക, എല്ലാ പ്രാദേശിക യുദ്ധമുഖങ്ങളിലെയും ശത്രുത അവസാനിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
അതേസമയം, അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കണമെങ്കിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണ ശേഷിയിൽ ഗണ്യമായ കുറവ് വരുത്തേണ്ടതുണ്ടെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ എട്ടുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥകളിലൊന്നായാണ് വാഷിങ്ടൺ ഇതിനെ കാണുന്നത്.
നിലവിൽ ഇരുപക്ഷവും തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾ എപ്പോൾ പുനരാരംഭിക്കുമെന്നത് വ്യക്തമല്ല. ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം, എണ്ണവ്യാപാരത്തിനുള്ള ഉപരോധങ്ങൾ, ഇറാന്റെ ആണവപദ്ധതി എന്നിവയിൽ ധാരണയിലെത്തുന്നതായിരിക്കും തുടർനീക്കങ്ങളിൽ നിർണായകമാകുക.

