Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അമേരിക്കൻ ജനത യുദ്ധത്തോട് നോ പറഞ്ഞു’: യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ഇറാൻ

text_fields
bookmark_border
‘അമേരിക്കൻ ജനത യുദ്ധത്തോട് നോ പറഞ്ഞു’: യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ഇറാൻ
cancel

തെഹ്റാൻ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തുകയും കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെ പ്രതികരണവുമായി ഇറാൻ. അമേരിക്കൻ ജനത യുദ്ധത്തോട് ‘നോ’ പറഞ്ഞിരിക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചു.

‘മനഃസാക്ഷി കൊണ്ടായാലും ജീവിതച്ചെലവിലെ വർധന കൊണ്ടായാലും അമേരിക്കക്കാർ യുദ്ധത്തോട് 'നോ' പറഞ്ഞിരിക്കുന്നു. ഈ സന്ദേശത്തെ ഞങ്ങൾ പിന്തുണക്കുന്നു. അന്താരാഷ്ട്ര താൽപര്യശക്തികളുടെയും ഭീഷണിപ്പെടുത്തുന്നവരുടെയും സേവനത്തിനായി അമേരിക്കൻ സർക്കാർ ജനങ്ങളുടെ ഇച്ഛയെ വഞ്ചിച്ചാൽ, ഞങ്ങളുടെ ‘നോ’ ഒരു പേടിസ്വപ്നമായി മാറുമെന്ന് അവർ തിരിച്ചറിയും.’ - ഖാലിബാഫ് എക്സിൽ കുറിച്ചു.

ഇറാനെതിരായ യു.എസ് സൈനിക നടപടിയും യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് നിരവധി സർവേ ഫലങ്ങൾ വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ യുദ്ധത്തെത്തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതും ജീവിതച്ചെലവ് വർധിച്ചതും അമേരിക്കൻ വോട്ടർമാർക്കിടയിൽ അതൃപ്തിക്ക് കാരണമായിരുന്നു. അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് ഇറാനെതിരായ യുദ്ധത്തോടൊപ്പം ട്രംപിന്റെ സാമ്പത്തിക നയങ്ങളോടുള്ള അതൃപ്തിയും വിലക്കയറ്റവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയായിരുന്നു.

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയാറാണെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ താൽപര്യത്തിനായി പ്രതിപക്ഷവുമായി പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഡെമോക്രാറ്റുകൾ പാസാക്കുന്ന നിയമങ്ങളിൽ തനിക്ക് വീറ്റോ അധികാരമുണ്ടെന്നും ട്രംപ് ഓർമിപ്പിച്ചു.

എന്നാൽ, തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയുണ്ടായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ട്രംപ് തയാറായില്ല. താൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ വിജയിക്കുമായിരുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. ചില സ്ഥാനാർഥികൾക്ക് ജനപ്രീതിയില്ലായിരുന്നുവെന്നും മറ്റുചിലർക്ക് തന്റെ പിന്തുണ ലഭിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ’യുദ്ധം അവസാനിക്കുന്നത് ഞാൻ പറയുമ്പോഴായിരിക്കും. ഞാൻ പറയുമ്പോൾ അത് അവസാനിക്കും’ - ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകളുടെ ചരിത്രപരമായ മുന്നേറ്റം ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലത്ത് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാനും നിയമനിർമാണത്തിൽ കൂടുതൽ നിയന്ത്രണം ചെലുത്താനും പ്രതിപക്ഷത്തിന് അവസരം ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Americans said no to war’: Iran reacts to US midterm election results as Democrats head to flip Congress
Next Story