വെല്ലുവിളിച്ച് ഇറാനും യു.എസും; ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിൽ മരണം പത്തായി
text_fieldsദക്ഷിണ ഇറാനിലെ ഫാസയിൽ സർക്കാർ കെട്ടിടത്തിനുനേരെ കല്ലെറിയുന്ന പ്രക്ഷോഭകർ. ഡിസംബർ 31 ലെ ചിത്രം
തെഹ്റാൻ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇറാനിൽ ഏതാനും ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിൽ മരണം പത്തായി. ശനിയാഴ്ച രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിലൊരാൾ അർധ സൈനിക ഉദ്യോഗസ്ഥനാണ്. തെഹ്റാനിൽനിന്ന് 130 കിലോമീറ്റർ അകലെ, ഖൂമിലാണ് ഏറ്റവും വലിയ പ്രക്ഷോഭം നടക്കുന്നത്. ഇവിടെ കൈയിലുണ്ടായിരുന്ന ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ഒരാൾ കൊല്ലപ്പെട്ടത്.
ഹർസിൻ നഗരത്തിൽ പ്രക്ഷോഭകരുടെ കത്തിയാക്രമണത്തിൽ അർധ സൈനികനും കൊല്ലപ്പെട്ടു. ഇറാന്റെ 31ൽ 22 പ്രവിശ്യകളിലായി നൂറ് നഗരങ്ങളിൽ പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ട്. കനത്ത സാമ്പത്തിക തകർച്ചയിൽ പൊറുതിമുട്ടിയ ജനങ്ങളാണ് തെരുവിലിറങ്ങിയത്. നിലവിൽ, ഡോളറിന് 14 ലക്ഷം ഇറാൻ റിയാൽ നൽകണം. 2022ൽ, മഹ്സ അമീനി സംഭവത്തിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
അതിനിടെ, വിഷയത്തിൽ ഇടപെടാനുള്ള യു.എസ് നീക്കം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരം ഭീഷണി മുഴക്കുന്നുണ്ട്. പ്രക്ഷോഭകരെ കൊന്നൊടുക്കാനാണ് ഇറാൻ സർക്കാറിന്റെ തീരുമാനമെങ്കിൽ രാജ്യത്തേക്ക് കടന്നുകയറാൻ മടിക്കില്ലെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ഇതിനെതിരെ ശക്തമായ ഭാഷയിൽ ഇറാൻ തിരിച്ചടിച്ചു. യു.എസും ഇസ്രായേലും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും ഭരണ അട്ടിമറിക്കായി സമരക്കാരെ പിന്തുണക്കുന്നെന്നും മുൻ പാർലമെന്റ് സ്പീക്കർ അലി ലറിജാനി പറഞ്ഞു.
തങ്ങളുടെ ആഭ്യന്തര വിഷയത്തിൽ യു.എസും ഇസ്രായേലും ഇടപെടുന്നെന്ന് കാണിച്ച് യു.എൻ രക്ഷാ സമിതിക്ക് ഇറാൻ യു.എൻ വക്താവ് പരാതി നൽകിയിട്ടുമുണ്ട്. അതേസമയം, പ്രക്ഷോഭകരെ നേരിടുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

