Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുദ്ധം അവസാനിപ്പിക്കാൻ...

യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ പുതിയ നീക്കം; ഹുർമുസ് കടലിടുക്ക് തുറക്കാമെന്ന് വാഗ്ദാനം

text_fields
bookmark_border
യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ പുതിയ നീക്കം; ഹുർമുസ് കടലിടുക്ക് തുറക്കാമെന്ന് വാഗ്ദാനം
cancel
camera_alt

ഹുർമുസ് കടലിടുക്ക് 

വാഷിങ്ടൺ: പശ്ചിമേഷ്യയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും മുൾമുനയിൽ നിർത്തി രണ്ട് മാസമായി തുടരുന്ന യു.എസ്-ഇറാൻ യുദ്ധത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് നിർണായക നീക്കവുമായി ഇറാൻ. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്നും യുദ്ധം അവസാനിപ്പിക്കാമെന്നും വാഗ്ദാനം ചെയ്യുന്ന പുതിയ സമാധാന കരാർ ഇറാൻ അമേരിക്കക്ക് സമർപ്പിച്ചു. പാകിസ്താനെ മധ്യസ്ഥനാക്കിയാണ് ഇറാൻ തങ്ങളുടെ പുതിയ നിർദേശങ്ങൾ വൈറ്റ് ഹൗസിലെത്തിച്ചത്.

ആഗോള എണ്ണ വിപണിയെയും ഊർജ്ജ വിതരണത്തെയും നേരിട്ട് ബാധിച്ച ഹുർമുസ് കടലിടുക്കിലെ ഉപരോധം നീക്കുക എന്നതാണ് ഇറാന്റെ പ്രധാന വാഗ്ദാനം. പകരം ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നാവിക ഉപരോധം പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

നിലവിലെ താൽക്കാലിക വെടിനിർത്തൽ ദീർഘകാലത്തേക്ക് നീട്ടാനോ, അല്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് യുദ്ധത്തിന് പൂർണ്ണവിരാമം കുറിക്കാനോ തയാറാണെന്ന് ഇറാൻ വ്യക്തമാക്കുന്നു. എന്നാൽ, ഏറ്റവും തർക്കവിഷയമായ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വേണ്ടെന്നും, സമാധാനം പുനസ്ഥാപിച്ച ശേഷം മറ്റൊരു ഘട്ടത്തിൽ അവ പരിഗണിച്ചാൽ മതിയെന്നുമാണ് ഇറാന്റെ പുതിയ നയം.

ഇറാന്റെ നിർദേശങ്ങൾ വൈറ്റ് ഹൗസിന് ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടം ഇതിനോട് പൂർണ്ണമായി യോജിച്ചിട്ടില്ല. അമേരിക്കയുടെ താൽപ്പര്യങ്ങൾക്കും സുരക്ഷക്കും മുൻഗണന നൽകുന്ന ഒരു കരാറിന് മാത്രമേ താൻ അംഗീകാരം നൽകൂ എന്ന് ട്രംപ് വ്യക്തമാക്കി.

സമാധാന ചർച്ചകൾക്കായി പ്രത്യേക ദൂതൻമാരെ അയക്കുന്നതിന് പകരം ഇറാൻ തങ്ങളെ നേരിട്ട് ബന്ധപ്പെടട്ടെ എന്ന നിലപാടിലാണ് ട്രംപ്. "ഇറാന് സംസാരിക്കണമെന്നുണ്ടെങ്കിൽ അവർക്ക് ഞങ്ങളെ നേരിട്ട് വിളിക്കാം. അമേരിക്കയുടെ കൈവശമാണ് എല്ലാ നിയന്ത്രണങ്ങളും ഉള്ളത്. ഇറാന് ആണവായുധം നിർമിക്കാൻ ഒരിക്കലും അനുവാദം നൽകില്ല," വൈറ്റ് ഹൗസ് വക്താവ് ഒലീവിയ വെയിൽസ് മാധ്യമങ്ങളോട് പറഞ്ഞു.

കരാർ നിർദേശങ്ങൾ സമർപ്പിച്ചതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ജനറൽ ആസിം മുനീർ എന്നിവരുമായി ഇസ്ലാമാബാദിൽ ചർച്ച നടത്തിയ ശേഷം അരാഗ്ചി റഷ്യയിലേക്ക് തിരിച്ചു. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സമാധാന ശ്രമങ്ങളിൽ റഷ്യയുടെ ഇടപെടലും ഇറാൻ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹുർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ വാഗ്ദാനം ലോകരാഷ്ട്രങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നു. എങ്കിലും ആണവ ചർച്ചകൾ മാറ്റിവെക്കണമെന്ന ഇറാന്റെ നിർദേശം അമേരിക്ക സ്വീകരിക്കുമോ എന്നതാണ് സമാധാന ചർച്ചകളുടെ ഭാവി നിശ്ചയിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranStrait of HormuzDonald TrumpamericaUS Attack on Iran
News Summary - Iran offers US new proposal seeking to reopen Strait of Hormuz, end war
Next Story