Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇറാന്റെ പുതിയ ആയുധങ്ങൾ കണ്ടാൽ ലോകം ഞെട്ടും’; യു.എസിന് ഐ.ആർ.ജി.സിയുടെ മുന്നറിയിപ്പ്

text_fields
bookmark_border
‘ഇറാന്റെ പുതിയ ആയുധങ്ങൾ കണ്ടാൽ ലോകം ഞെട്ടും’; യു.എസിന് ഐ.ആർ.ജി.സിയുടെ മുന്നറിയിപ്പ്
cancel

തെഹ്റാൻ: യു.എസുമായി വീണ്ടുമൊരു സൈനിക ഏറ്റുമുട്ടലുണ്ടായാൽ ഇതുവരെ പ്രയോഗിക്കാത്ത പുതിയ ആയുധങ്ങളും തന്ത്രങ്ങളും പുറത്തെടുക്കുമെന്ന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. മുൻപ് തങ്ങൾ ആക്രമണ ലക്ഷ്യമാക്കാത്ത പുതിയ കേന്ദ്രങ്ങളിലേക്ക് പോരാട്ടം വ്യാപിപ്പിക്കുമെന്നും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) വക്താവ് ഹുസൈൻ മുഹിബി വ്യക്തമാക്കി.

യു.എസ് ഇനിയൊരു ആക്രമണത്തിന് മുതിർന്നാൽ തങ്ങളുടെ പോരാട്ട തന്ത്രങ്ങളും ആയുധങ്ങളും യുദ്ധത്തിന്റെ ഭൂപടം തന്നെ മാറ്റി എഴുതുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അൽ-ആലം ന്യൂസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് ഐ.ആർ.ജി.സി വക്താവ് അമേരിക്കക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയത്.

ദീർഘകാല യുദ്ധത്തിന് ഇറാൻ പൂർണ സജ്ജമാണെന്നും സംഘർഷത്തിന്റെ വ്യാപ്തി വർധിച്ചാൽ പ്രതിരോധ, ആക്രമണ ശൈലികളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘യുദ്ധത്തിന്റെ ഭൂപടത്തിലും ഉപയോഗിക്കുന്ന ആയുധങ്ങളിലും സൈനിക ഉപകരണങ്ങളിലും വൻ മാറ്റങ്ങളുണ്ടാകും. പുതിയ ശേഷിയുള്ള അത്യാധുനിക ആയുധങ്ങൾ ഞങ്ങൾ യുദ്ധക്കളത്തിൽ ഇറക്കും. അത് കണ്ട് ലോകം അമ്പരക്കും,’ മുഹിബി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28ന് നടന്ന ആദ്യഘട്ട പോരാട്ടങ്ങളിൽ ആക്രമിച്ച കേന്ദ്രങ്ങളാവില്ല ഇനി ഇറാന്റെ ലക്ഷ്യം. ഇതുവരെ തൊടാത്ത പുതിയ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുണ്ടായിട്ടും തന്ത്രപ്രധാന ജലപാതയായ ഹുർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ യു.എസിന് സാധിച്ചില്ലെന്നും, മേഖലയിൽ യു.എസിന്റെയും ഇസ്രായേലിന്റെയും ലക്ഷ്യങ്ങൾ പൂർണമായി പരാജയപ്പെട്ടെന്നും വക്താവ് അവകാശപ്പെട്ടു.

യു.എസുമായി സൈനിക തലത്തിലോ നയതന്ത്ര തലത്തിലോ ഐ.ആർ.ജി.സി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ വക്താവ്, പശ്ചിമേഷ്യയിൽ യു.എസിന്റെ ആധിപത്യം അവസാനിച്ചുവെന്നും പ്രദേശം ഇനി ഇറാന്റെ പുതിയ ക്രമത്തിന് അനുസരിച്ചാണ് നീങ്ങുകയെന്നും അവകാശപ്പെട്ടു. ഹുർമുസ് കടലിടുക്കിലെ ഗതാഗതത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് പുതിയ ഭീഷണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran’s Revolutionary Guards say will change ‘geography of war’ if attacked again
Next Story