ചർച്ചകൾ പുനഃരാരംഭിക്കാൻ തിടുക്കമില്ല; പന്ത് അമേരിക്കയുടെ കോർട്ടിൽ -ഇറാൻ
text_fieldsഇസ് ലാമാബാദ്: യു.എസുയുമായി ചർച്ച പുനഃരാരംഭിക്കാൻ ഇറാനിന് "തിടുക്കം കാട്ടുന്നില്ല" എന്നും "പന്ത് അമേരിക്കയുടെ കോർട്ടിലാണ്" എന്നും ഇറാൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ ന്യായമായ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടു വെച്ചത്. യു.എസ് തെറ്റായ കണക്കുകൂട്ടലുകൾ നടത്തിയെന്നും ഇറാനിന് ന്യായമായി തേന്നുന്ന ഒരു കരാറിൽ അമേരിക്ക ധാരണയിൽ എത്തുന്നത് വരെ ഹുർമുസ് കടലിടുക്കിലെ സ്ഥിതി മാറില്ലെന്നും ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി. അടുത്ത ഘട്ട ചർച്ചകൾക്ക് സാധ്യമായ തീയതിയോ സ്ഥലമോ നിശ്ചയിച്ചിട്ടില്ല. ചർച്ചയിൽ അമിതമായ ആവശ്യങ്ങളാണ് യു.എസ് മുന്നോട്ടുവെച്ചതെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹുർമുസ് കടലിടുക്കിലെ ഇറാന്‍റെ നിയന്ത്രണം പൂർണായും അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുക എന്നിങ്ങനെ യു.എസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ ഇറാൻ നിരസിക്കുകയായിരുന്നു. ലെബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമങ്ങൾ അവസാനിപ്പിക്കുന്നതിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
യുദ്ധത്തിൽ വെടിനിർത്തലിന് യു.എസുമായി മറ്റൊരു ചർച്ച നടത്താൻ ഇറാന് പദ്ധതിയില്ലെന്ന് ഇറാനിയൻ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ നിന്ന് പിന്മാറാൻ അമേരിക്കൻ സംഘം "ഒരു ഒഴികഴിവ് തേടുകയായിരുന്നു" എന്നും ഇറാൻ പ്രതിനിധിസംഘത്തെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു.
യു.എസ് പ്രതിനിധികൾ തങ്ങളുടെ ആവശ്യങ്ങളിൽ ചെറിയ വിട്ടുവീഴ്ചക്ക് പോലും തയ്യാറായില്ലെന്നും യുദ്ധസമയത്ത് നേടിയെടുക്കാൻ കഴിയാത്തത് നയതന്ത്രത്തിലൂടെ നേടാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഒരു കരാറുമില്ലാതെ അവസാനിച്ചുവെന്ന് ഇറാന്റെ പ്രസ് ടിവിയും റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്രതലത്തിൽ തങ്ങളുടെ മുഖം രക്ഷിക്കാൻ അമേരിക്കക്ക് ചർച്ച ആവശ്യമായിരുന്നു, ഇറാനുമായുള്ള യുദ്ധത്തിൽ പരാജയവും സ്തംഭനാവസ്ഥയും ഉണ്ടായിട്ടും അവരുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ തയ്യാറായില്ല ഇറാൻ മാധ്യമങ്ങൾ പറഞ്ഞു.
ഇന്നലെ പാക് തലസ്ഥാനാമായ ഇസ്ലാമാബാദിൽ നടന്ന ഇറാന്‍- യു.എസ് വെടിനിർത്തൽ ചര്‍ച്ച ആദ്യഘട്ടത്തിൽ സമവായത്തിലെത്താതെ പിരിയുകയായിരുന്നു. ഇറാനുമായുള്ള ചർച്ചയിൽ ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്നും തങ്ങൾ മടങ്ങുകയാണെന്നും യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് പറഞ്ഞു. തങ്ങൾ അന്തിമവും മികച്ചതുമായ ഓഫറാണ് മുന്നോട്ടുവെച്ചുതെന്നും ചർച്ചയിൽ യു.എസ് സംഘത്തെ നയിച്ച വാൻസ് പറഞ്ഞു.
21 മണിക്കൂറിനിടെ അഞ്ച് റൗണ്ട് ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്. ഓരോന്നിനും ശേഷം ഇരുപക്ഷവും തമ്മിൽ കുറിപ്പുകളുടെ കൈമാറ്റം നടന്നു. “ഞങ്ങൾ പ്രസിഡന്റുമായി നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ 21 മണിക്കൂറിനുള്ളിൽ എത്ര തവണ അദ്ദേഹവുമായി സംസാരിച്ചുവെന്ന് എനിക്കറിയില്ല, അര ഡസൻ തവണ, ഒരു ഡസൻ തവണ,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ടീമുമായി നിരന്തരം ആശയവിനിമയം നടത്തി, കാരണം ഞങ്ങൾ നല്ല വിശ്വാസത്തോടെയാണ് ചർച്ചകൾ നടത്തിയത്. ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു, വളരെ ലളിതമായ നിർദ്ദേശം മുന്നോട്ടുവെച്ചാണ് ഇവിടെ നിന്ന് പോകുന്നത്, അത് ഞങ്ങളുടെ അന്തിമവും മികച്ചതുമായ ഓഫറാണ്. ഇറാൻ സ്വീകരിച്ചോ എന്ന് നമുക്ക് നോക്കാം.” വാൻസ്
ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനിൽ ഇസ്രായേലും യു.എസും സംയുക്തമായി ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇതോടെ ഇറാൻ പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കും ആസ്തികൾക്കും നേരെയും ഇസ്രായേലിലേക്കും പ്രത്യാക്രമണം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ ഹിസ്ബുല്ലയുടെ പേരിൽ ലബനാനിലും ഇസ്രായേൽ വ്യാപക ആക്രമണം തുടങ്ങി.
മേഖലയിലെ തന്ത്ര പ്രധാന ഹുമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ലോകത്തെ എണ്ണ വ്യാപാത്തിന്‍റെ 20 ശതമാനത്തിൽ അധികം നടക്കുന്ന ഹുർമുസ് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണ പ്രതിസന്ധി രൂക്ഷമായി. ഇരുവിഭാഗവും ശക്തമായ ആക്രമണം നടത്തുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പാക് മധ്യസ്ഥതയിൽ യുദ്ധത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുകയും തുടർ ചർച്ചകൾ നിശ്ചയിക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

