ഹുർമുസിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ; കൂടുതൽ കപ്പലുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കൂടുതൽ കപ്പലുകളെ ഇറാൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഇറാൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ വിവരങ്ങൾ പ്രകാരം, നിബന്ധനകൾ പാലിക്കാത്ത ഇത്തരം കപ്പലുകൾ പിടിച്ചെടുക്കപ്പെടുകയോ കനത്ത പിഴയൊടുക്കേണ്ടി വരികയോ ചെയ്തേക്കാം. യു.എസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ആരംഭിച്ച യുദ്ധം ആറുമാസം പിന്നിടുമ്പോഴാണ് സുപ്രധാന ജലപാതയായ ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ഇറാൻ കൂടുതൽ കർശനമാക്കിയിരിക്കുന്നത്.
കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ രൂപീകരിച്ച 'പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി'യുടെ (പി.ജി.എസ്.എ) വെബ്സൈറ്റിലെ ഏറ്റവും പുതിയ വിവരമനുസരിച്ച്, 11 കപ്പലുകൾ കൂടി പുതിയതായി ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ കരിമ്പട്ടികയിൽ പെട്ട ആകെ കപ്പലുകളുടെ എണ്ണം 56 ആയി ഉയർന്നു. കഴിഞ്ഞ ആഗസ്റ്റ് 24-ന് നിയമങ്ങൾ ലംഘിച്ച 45 ടാങ്കറുകളെ കരിമ്പട്ടികയിൽ പെടുത്തിയതായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ കപ്പലുകൾക്കെതിരെ നടപടി വന്നിരിക്കുന്നത്.
വൻകിട ക്രൂഡ് ഓയിൽ കാരിയറുകൾ, എൽ.എൻ.ജി, എൽ.പി.ജി ടാങ്കറുകൾ, പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ എന്നിവയെല്ലാം ഈ നിയന്ത്രണ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. കരിമ്പട്ടികയിൽ പെട്ട കപ്പലുകളുമായി എണ്ണ കൈമാറുന്നതോ മറ്റ് സഹകരണങ്ങളിൽ ഏർപ്പെടുന്നതോ ആയ ഏതൊരു കപ്പലിനെയും ഈ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പി.ജി.എസ്.എ മുന്നറിയിപ്പ് നൽകി. ഈ പട്ടികയിൽ നിന്ന് ഒഴിവാകാൻ ആഗ്രഹിക്കുന്ന കപ്പലുകൾ അതിനുള്ള വ്യക്തമായ കാരണങ്ങൾ സഹിതം ഔദ്യോഗിക അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇയുടെ അഡ്നോക് ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ്, ഉപസ്ഥാപനമായ നാവിഗേറ്റ് ടാങ്കേഴ്സ്, സൗദി അറേബ്യയുടെ ദേശീയ ഷിപ്പിങ് കാരിയറായ ബഹ്റി എന്നിവയുടെ ഉടമസ്ഥതയിലുള്ള കപ്പലുകളും നേരത്തെ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സുരക്ഷാ ആശങ്കകൾ കാരണം ഈ കപ്പലുകളുടെ സേവനം താൽക്കാലികമായി നിർത്തിവെക്കാൻ കുറഞ്ഞത് മൂന്ന് ഇന്ത്യൻ എണ്ണശുദ്ധീകരണശാലകളും ആഗോള ഊർജ്ജ കമ്പനികളും പദ്ധതിയിടുന്നതായി കഴിഞ്ഞ ആഗസ്റ്റ് അവസാനത്തിൽ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
യുദ്ധത്തിന് മുമ്പ് ആഗോള എണ്ണ, എൽ.എൻ.ജി കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കൈകാര്യം ചെയ്തിരുന്ന ഹുർമുസ് കടലിടുക്കിലെ ഗതാഗതം ഈ നിയന്ത്രണങ്ങളെത്തുടർന്ന് നിലവിൽ വൻതോതിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ വർഷം മെയ് മാസത്തിൽ അമേരിക്ക പി.ജി.എസ്.എ അതോറിറ്റിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അതിനാൽ ഈ സമുദ്ര അധികാര കേന്ദ്രവുമായി ഇടപെടുന്നത് അമേരിക്കൻ ട്രഷറിയുടെ ആസ്തി മരവിപ്പിക്കൽ പോലുള്ള നടപടികൾക്ക് കാരണമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

