അമേരിക്കയുടെ പാതിരാ ആക്രമണത്തിന് പേര് ‘ഓപറേഷൻ മിഡ്നൈറ്റ് ഹാമർ’; ഹോർമുസ് കടലിടുക്ക് ഇറാൻ അടക്കും, സാമ്പത്തിക രംഗത്ത് ദൂരവ്യാപക പ്രത്യാഘാതം
text_fieldsതെൽഅവീവ്: അമേരിക്കയുടെ ആക്രമണത്തോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടക്കാൻ ഇറാൻ തീരുമാനിച്ചു. ഇതിന് ഇറാൻ പാർലമെന്റ് അനുമതി നൽകിയതായി ഇറാൻ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. ലോക സാമ്പത്തിക രംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാവും ഇറാന്റെ നീക്കം. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, യു.എ.ഇ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ളതടക്കം ലോകത്തെ എണ്ണ, വാതക നീക്കത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. പേർഷ്യൻ ഗൾഫിനും ഗൾഫ് ഓഫ് ഒമാനുമിടയിലുള്ള 167 കി.മീ. നീളവും 39 കി.മീ. മുതൽ 96 കി.മീ. വരെ വീതിയുമുള്ള ഭാഗമാണ് ഹോർമുസ് കടലിടുക്ക്.
അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽപറത്തിയും യു.എൻ ചാർട്ടറുകൾ ലംഘിച്ചുമാണ് ‘ഓപറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്ന പേരിൽ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബുകളും മിസൈലുകളും വർഷിച്ചത്. ഐക്യരാഷ്ട്രസഭയുടെയും മറ്റു ലോകരാജ്യങ്ങളുടെയും മുന്നറിയിപ്പുകൾ വകവെക്കാതെയും യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെയും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളാണ് ആക്രമിച്ചത്.
ഇറാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും രാജ്യത്തിന് ആണവായുധ നിർമാണ പദ്ധതിയില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും വകവെക്കാതെയായിരുന്നു അമേരിക്കയുടെ ആക്രമണം. ഇസ്രായേൽ ഒരാഴ്ച മുമ്പ് ഇറാനെതിരെ തുടങ്ങിയ ആക്രമണത്തിൽ അമേരിക്ക ഏതുസമയവും പങ്കുചേർന്നേക്കുമെന്ന സൂചനയാണ് ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം രണ്ടരയോടെ യാഥാർഥ്യമായത്.
ഇറാന്റെ ഏറ്റവും സുരക്ഷയുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർദോയിൽ ബി2 സ്റ്റെൽത്ത് ബോംബറിൽനിന്ന് അതീവ പ്രഹരശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബായ ജി.ബി.യു 57 ആണ് വർഷിച്ചത്. എത്ര ബോംബുകളിട്ടെന്നോ ആണവകേന്ദ്രത്തിന് എത്രമാത്രം നാശനഷ്ടമുണ്ടായെന്നോ അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഫോർദോക്ക് കാര്യമായ പ്രഹരമേൽപിക്കാൻ യു.എസിനായിട്ടില്ലെന്നും പ്രവേശന കവാടത്തിന് ചെറിയ തകരാറേ സംഭവിച്ചിട്ടുള്ളൂവെന്നുമാണ് ഇറാന്റെ വിശദീകരണം. നതാൻസിലും ഇസ്ഫഹാനിലും യുദ്ധക്കപ്പലുകളിൽനിന്നുള്ള ടോമഹോക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാന്റെ ആവശ്യത്തെ തുടർന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

