Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുദ്ധം അവസാനിച്ചാലും ഹുർമുസ് പഴയപടിയാകില്ല; കടലിടുക്കിൽ പുതിയ നിയന്ത്രണവുമായി ഇറാൻ

text_fields
bookmark_border
യുദ്ധം അവസാനിച്ചാലും ഹുർമുസ് പഴയപടിയാകില്ല; കടലിടുക്കിൽ പുതിയ നിയന്ത്രണവുമായി ഇറാൻ
cancel

തെഹ്റാൻ: അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഹുർമുസ് കടലിടുക്ക് ഇനി ഒരിക്കലും മടങ്ങില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. തന്ത്രപ്രധാനമായ കടലിടുക്കിന്റെ മേൽനോട്ടം വഹിക്കാൻ ഇറാനും ഒമാനും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അൽ ജസീറക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഖാലിബാഫിന്റെ പ്രതികരണം.

ഹുർമുസ് കടലിടുക്കിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ സംവിധാനം വേണമെന്നാണ് ഇറാന്റെ നിലപാട്. കടലിടുക്കിൽ അന്താരാഷ്ട്ര ജലമേഖല എന്ന നിലയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമില്ലെന്നും 1982ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷൻ ഇവിടെ ബാധകമല്ലെന്നും ഖാലിബാഫ് അവകാശപ്പെട്ടു. കടലിടുക്കിന്റെ ഇരുവശങ്ങളിലുമുള്ള തീരരാജ്യങ്ങളായ ഇറാന്റെയും ഒമാന്റെയും നിയമങ്ങൾക്കനുസരിച്ചായിരിക്കും ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഏഴ് നിബന്ധനകളടങ്ങിയ നിർദേശം ഖത്തറിന്റെ മധ്യസ്ഥതയിലൂടെ അമേരിക്കക്ക് കൈമാറിയിട്ടുണ്ടെന്നും ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഖാലിബാഫ് പറഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്നാണ് ഇനി തീരുമാനമുണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധവും ഉപരോധങ്ങളും പിൻവലിക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക, എല്ലാ മേഖലകളിലെയും പോരാട്ടം അവസാനിപ്പിക്കുക, യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ജൂണിൽ ഒപ്പുവെച്ച ഇസ്‌ലാമാബാദ് ധാരണാപത്രത്തിൽ ഉൾപ്പെട്ട കാര്യങ്ങളാണിവയെന്നും ചർച്ചകളിലേക്ക് കടക്കുന്നതിന് മുമ്പ് അവ നടപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

അമേരിക്ക അമിതമായ ആവശ്യങ്ങൾ ഉന്നയിക്കാതെ നേരത്തേ അംഗീകരിച്ച കാര്യങ്ങളിൽ ഉറച്ചുനിന്നാൽ ധാരണയിലെത്താൻ കഴിയുമെന്നും എന്നാൽ അമേരിക്കയിലുള്ള വിശ്വാസക്കുറവാണ് പ്രധാന തടസ്സമെന്നും ഖാലിബാഫ് പറഞ്ഞു.

തെഹ്റാനുമായി നേരിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മധ്യസ്ഥത അമേരിക്കൻ ഉദ്യോഗസ്ഥർ തേടിയതായും ഖാലിബാഫ് അവകാശപ്പെട്ടു. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറ്റൊരു പരാജയം നേരിടേണ്ടിവരുമെന്നും ജനുവരിയിൽ അധികാരത്തിലെത്തുന്ന പുതിയ കോൺഗ്രസിൽനിന്ന് രാഷ്ട്രീയ സമ്മർദമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുദ്ധമില്ലാത്തതും സമാധാനമില്ലാത്തതുമായ അനിശ്ചിതാവസ്ഥയിൽനിന്ന് പുറത്തുകടക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും അതിനായി സൈനിക ശേഷിയുൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യമനിലെ സൗദി പിന്തുണയുള്ള സർക്കാർ സേനയും ഹൂതി വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടരുതെന്നാണ് ഇറാന്റെ നിലപാടെന്നും ഖാലിബാഫ് പറഞ്ഞു. എന്നാൽ യമൻ സർക്കാരും സൗദി അറേബ്യയും സഹായം തേടിയാൽ സംഘർഷം പരിഹരിക്കാൻ ഇറാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hormuz Strait will ‘never return’ to pre-war status, Iran’s Ghalibaf says
Next Story