മിഡിലീസ്റ്റിലെ അമേരിക്കൻ താവളം ഇറാൻ പിടിച്ചെടുക്കുമോ?; ചർച്ചയായി ഇറാൻ മുൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന
text_fieldsമനൂജഹർ മുത്തഖി
തെഹ്റാൻ: ഒരു അമേരിക്കൻ സൈനിക താവളം പിടിച്ചെടുക്കാനായാൽ യുദ്ധത്തിന്റെ വിധി നിർണയിക്കാനാകുമെന്ന് ഇറാൻ മുൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് അംഗവുമായ മനൂജഹർ മുത്തഖി. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലാണ് മുത്തഖിയുടെ പരാമർശം. ഇറാനിയൻ മാധ്യമങ്ങളും പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തെഹ്റാനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമായ മുത്തക്കി ഇറാൻ രാഷ്ട്രീയത്തിലെ കടുത്ത നിലപാടുകൾക്ക് പേരുകേട്ട നേതാവാണ്. 2005 മുതൽ 2010 വരെ മഹ്മൂദ് അഹ്മദി നെജാദ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം ഇറാന്റെ വിദേശകാര്യ മന്ത്രിയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ സൈന്യത്തിനെതിരായ യുദ്ധത്തിന്റെ വിധി പൂർത്തിയാക്കാനും നിർണയിക്കാനും ഒരു അമേരിക്കൻ താവളം മാത്രം പിടിച്ചെടുത്താൽ മതിയാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
200 അമേരിക്കൻ സൈനികരെ പിടികൂടാനുള്ള നിർദേശം നേരത്തെ മുത്തഖി മുന്നോട്ടുവച്ചിരുന്നു. ജൂണിൽ ഇറാനിയൻ ചാനൽ 1ന് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമണത്തിന് നിയമാനുസൃത ലക്ഷ്യങ്ങളാണെന്നും ഒരു താവളം പിടിച്ചെടുത്ത് 100 അമേരിക്കൻ സൈനികരെ ബന്ദികളാക്കി ഇറാനിലേക്ക് എത്തിക്കണമെന്നും മുത്തഖി ആവശ്യപ്പെട്ടിരുന്നു.
ജൂലൈയിൽ ഇറാഖ്, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ പ്രാദേശിക പിന്തുണയോടെ പിടിച്ചെടുക്കാമെന്നും 200 അമേരിക്കൻ സൈനികരെ തടവുകാരാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിലൂടെ അമേരിക്കയെ ‘പൂർണമായി നിരായുധമാ’ക്കാനും സൈനിക നീക്കം അവസാനിപ്പിക്കാനും കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ജോർഡനെയും ആറ് ഗൾഫ് രാജ്യങ്ങളെയും ശത്രുരാജ്യങ്ങളായി പ്രഖ്യാപിക്കണമെന്നും അവയുടെ മുഴുവൻ പ്രദേശങ്ങളും ആക്രമണത്തിന് നിയമാനുസൃത ലക്ഷ്യങ്ങളാക്കണമെന്നും മുത്തഖി ആവശ്യപെടുന്നു. യുക്രെയ്ൻ ഡ്രോൺ വിതരണം തുടരുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അമേരിക്ക-ഇറാൻ സംഘർഷം അവസാനിപ്പിക്കാനും ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങൾ വിജയത്തിലെത്താതെ തുടരുന്നതിനിടയിലാണ് മുത്തഖിയുടെ പുതിയ പ്രസ്താവനകൾ ചർച്ചയായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

