അമേരിക്കയുടെ എബ്രഹാം ലിങ്കനെ ആക്രമിച്ചെന്ന് ഇറാൻ; പ്രതികരിക്കാതെ യു.എസ്
text_fieldsതെഹ്റാൻ: അമേരിക്കയുടെ എബ്രഹാം ലിങ്കൻ അന്തർവാഹിനിക്ക് നേരെ ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇക്കര്യത്തിൽ യു.എസ് പ്രതികരിച്ചിട്ടില്ല.
എബ്രഹാം ലിങ്കന്‍റെ ദിശയിലേക്ക് തീരദേശ ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാനിയൻ ആർമി പബ്ലിക് റിലേഷൻസ് അറിയിച്ചു. എന്നിരുന്നാലും, അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ മിസൈൽ സംവിധാനങ്ങളുടെ പരിധിയിൽ യു.എസ്.എസ് എബ്രഹാം ലിങ്കൻ പ്രവേശിച്ചാൽ ആക്രമിക്കുമെന്ന് ഇറാനിയൻ നേവി കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി മുന്നറിയിപ്പ് നൽകിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ പ്രസ് ടിവി റിപ്പോർട്ട് ചെയ്തിരുന്നു. കപ്പൽ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രംപിന്‍റെ സ്വീകാര്യത ഇടിഞ്ഞു
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പൊതുജന സ്വീകാര്യതയിൽ വൻ ഇടിവെന്ന് അഭിപ്രായ സർവേ. ഇറാനുമായുള്ള സംഘർഷവും രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളുമാണ് ട്രംപിനോടുള്ള പൊതുജനങ്ങളുടെ അതൃപ്തി വർധിക്കാൻ കാരണം. ഇതോടെ ട്രംപിന്റെ സ്വീകാര്യത റേറ്റിങ് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി റോയിട്ടേഴ്സ് ഇപ്സോസ് സർവേ പറയുന്നു.
കൂടാതെ ഇറാനിൽ നടത്തിയ ആക്രമണങ്ങളെ ഭൂരിഭാഗം അമേരിക്കൻ പൗരൻമാരും എതിർക്കുന്നുണ്ട്. ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ 35 ശതമാനം പേർ മാത്രമാണ് അംഗീകരിക്കുന്നത്. 61 ശതമാനം പേർ ശക്തമായി വിയോജിക്കുകയും ചെയ്യുന്നു.
നാലുദിവസങ്ങളിലായി ഓൺലൈനായാണ് അഭിപ്രായ വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ഇതിൽ ട്രംപിന്റെ പ്രസിഡന്റ് പദവിയെ 36 ശതമാനം അമേരിക്കക്കാർ മാത്രമാണ് അംഗീകരിക്കുന്നതെന്ന് പറയുന്നു. ട്രംപ് പ്രസിഡന്റായതിന് ശേഷം പ്രസിഡന്റ് പദവിയിലെ ഏറ്റവും കുറഞ്ഞ അംഗീകാര റേറ്റിങ്ങാണ് ഇത്. ഒരാഴ്ച മുമ്പ് നടത്തിയ വോട്ടെടുപ്പിൽ 40 ശതമാനമായിരുന്നു അംഗീകാര റേറ്റിങ്.
പൊതുജന സ്വീകാര്യതയിൽ ഇടിവുണ്ടെങ്കിലും റിപബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപിനുള്ള പിന്തുണ അതേപോലെ തന്നെ തുടരുന്നതായും സർവേ പറയുന്നു. ന്യൂനപക്ഷം മാത്രമാണ് അതൃപ്തി പ്രകടമാക്കിയത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതി, ജീവിതചെലവിന്റെ വർധന, പണപ്പെരുപ്പം തുടങ്ങിയവയാണ് ട്രംപിന് തിരിച്ചടിയായത്.
യു.എസും ഇസ്രായേലും സംയുക്തമായി ഇറാനിൽ ആക്രമണങ്ങൾ നടത്തിയതോടെ രാജ്യത്ത് പെട്രോളിന്റെ വില വർധിച്ചിരുന്നു. ഇതും ട്രംപിന് തിരിച്ചടിയായി. ജീവിത ചെലവുകൾ ഉയരുന്നത് സംബന്ധിച്ച ട്രംപിന്റെ സമീപനത്തെ 25 ശതമാനംപേർ മാത്രമാണ് അംഗീകരിക്കുന്നത്. 29 ശതമാനം മാത്രമാണ് സാമ്പത്തിക മാനേജ്മെന്റിനുള്ള റേറ്റിങ്. നിലവിൽ ട്രംപിനുള്ള സ്വീകാര്യത മുൻ പ്രസിഡന്റ് ജോ ബൈഡന് ലഭിച്ചതിനേക്കാൾ താഴ്ന്ന നിലയിലാണെന്നും സർവേ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

