ഇസ്രായേലിനായി ചാരപ്പണി, ഇറാനിൽ യുവാവിനെ തൂക്കിലേറ്റി
text_fieldsതെഹ്‌റാൻ: ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് സൈനിക വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇറാൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. 12 ദിവസം നീണ്ടുനിന്ന യുദ്ധകാലയളവിൽ ഇറാന്റെ മിസൈൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള അതീവ രഹസ്യവിവരങ്ങൾ ഇസ്രായേലിന് ചോർത്തി നൽകിയ ഹുസൈൻ പെദാരൻ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ഇയാൾ ചാരപ്പണി നടത്തിയത്. ഇയാളുടെ വധശിക്ഷ ഇറാൻ സുപ്രീം കോടതി ശരിവെച്ചതിനെ തുടർന്ന് തൂക്കിലേറ്റിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ അറിയിച്ചു.
പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം തുടരുന്നതിനിടെയാണ് ഇറാന്റെ നിർണായക നീക്കം. ഇതിനുപുറമെ ഹൊർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ റവല്യൂഷണറി ഗാർഡ് ആക്രമണം നടത്തുകയും സൗദി അറേബ്യയിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായി.
അതിനിടെ, മേഖലയിലെ കടൽപ്പാതകളിലും സംഘർഷം കനക്കുകയാണ്. വ്യവസ്ഥകൾ പാലിക്കാതെ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ടോഗോയുടെ പതാകയേന്തിയ 'ട്രെൻഡ്' എന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. മുൻകൂർ അനുമതിയില്ലാതെ കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച കടലിടുക്കിൽ നിന്ന് പുറത്തുകടക്കുകയായിരുന്ന മറ്റൊരു കപ്പലിന് നേരെയും ആക്രമണമുണ്ടായതായി യു.കെഎം.ടി.ഒ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസും ഇസ്രായേലും ഇറാന് നേരെ ആക്രമണം നടത്തിയ ശേഷം ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത കൂറ്റൻ പ്രകടനമാണ് ടെഹ്‌റാനിൽ നടന്നത്. അതേസമയം, യെമനിലെ ഹൂതി വിമതരുടെ ആക്രമണം ശക്തമായതിനെ തുടർന്ന് സൗദി തലസ്ഥാനമായ റിയാദിലും അൽ-ഖർജിലും സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം നൽകി. പിന്നീട് ജാഗ്രതാ നിർദേശം പിൻവലിച്ചെങ്കിലും മേഖലയിൽ ഭീതി നിലനിൽക്കുകയാണ്. മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തിയെന്ന് സൗദി ആരോപിച്ചെങ്കിലും ഹൂതികൾ ഇത് നിഷേധിച്ചു.
പശ്ചിമേഷ്യൻ കടൽപ്പാതയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ വാഷിംങ്ടണിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലേക്ക് നേരിട്ട് സൈന്യത്തെ അയക്കില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയെങ്കിലും അദേൻ ഉൾക്കടലിൽ നാവികസേനാ സാന്നിധ്യം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. വടക്കൻ കൊറിയയെ ആണവമുക്തമാക്കുന്ന വിഷയത്തിലും ഇരുരാജ്യങ്ങളും ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

