ഒരു ഇസ്രായേൽ ചാരനെ കൂടി തൂക്കിലേറ്റി ഇറാൻ; വധിച്ചത് മൊസാദുമായി ബന്ധമുള്ള സൈബർ ടീം തലവനെയെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദുമായി ചേർന്ന് പ്രവർത്തിച്ചതിന് തടവിലായിരുന്ന മുഹമ്മദ് അമിൻ ഷായിസ്തയെ ഇറാൻ വധശിക്ഷക്ക് വിധേയനാക്കി. ഇറാൻ വാർത്താ ഏജൻസിയായ ‘തസ്നിം ന്യൂസ്’ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
2023 അവസാനത്തോടെ അറസ്റ്റിലായ ഷായിസ്ത മൊസാദുമായി ബന്ധപ്പെട്ട സൈബർ ടീമിന്റെ തലവനായാണ് അറിയപ്പെടുന്നത്. ഇറാന്റെ തന്ത്രപ്രധാന സൈബർ രഹസ്യങ്ങൾ ഇസ്രായേലിന് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.
ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതിന് ഇന്നലെ മറ്റൊരു ഇറാൻ പൗരനെ തൂക്കിക്കൊന്നിരുന്നു. മജീദ് മുസയ്യിബി എന്നയാളെയാണ് തൂക്കിലേറ്റിയത്. ഇറാനിലെ ആണവ നിലയങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ശിക്ഷാവിധി നടപ്പാക്കിയത്. ‘സയണിസ്റ്റ് ഭരണകൂടത്തിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടയാളെ ഇറാൻ നഗരമായ ഇസ്ഫഹാനിൽ തൂക്കിലേറ്റി. മജീദ് മുസയ്യിബി എന്നയാളെയാണ് ദൈവത്തിനെതിരെ യുദ്ധം ചെയ്തതിനും ശത്രുക്കളുമായി സഹകരിച്ച് ചാരവൃത്തിയിലൂടെ അഴിമതി നടത്തിയതിനും ഇസ്‍ലാമിക് റെവല്യൂഷനറി കോടതി ശിക്ഷിച്ചത്’ -വാർത്തയിൽ പറയുന്നു.
പേർഷ്യൻ ഗൾഫ് തീരദേശ രാജ്യങ്ങളിലൊന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡേവിഡ് എന്ന മൊസാദ് ഏജന്റുമായാണ് മജീദ് ബന്ധം പുലർത്തിയിരുന്നതത്രെ. ആഴ്ചതോറും ഇയാൾക്ക് റിപ്പോർട്ടുകൾ നൽകാറുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇറാനിലെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങളെ കുറിച്ചും വ്യക്തികളെ കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ മൊസാദിന് നൽകാനുള്ള ചുമതല ഇയാൾക്കായിരുന്നു. പ്രതിഫലമായി ക്രിപ്‌റ്റോകറൻസിയാണ് ഇയാൾക്ക് ലഭിച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ചാരവൃത്തി നടത്തുന്ന നിരവധി പേരെയാണ് ജൂൺ 13ന് ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം ഇറാൻ സുരക്ഷാ സേന പിടികൂടിയത്. ചാരവൃത്തി സംബന്ധിച്ച കേസുകളിൽ അതിവേഗം വിധി പ്രസ്താവിക്കണമെന്നും കാലതാമസമെടുത്തുള്ള നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നും ഇറാൻ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മുഹ്‌സനി എജെയ് കോടതികൾക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

