ബഹ്റൈനെതിരെ ആക്രമണം തുടർന്ന് ഇറാൻ
text_fieldsമനാമ: ബഹ്റൈന് നേരെ വീണ്ടും ആക്രമണം തുടർന്ന് ഇറാൻ. ഞായറാഴ്ച പുലർച്ചെ 2.50നും തുടർന്ന് രാവിലെ 6.45നുമായി നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ബഹ്റൈനിലെ മുഹറഖ് ഗവർണറേറ്റിലെ ഒരു പാർപ്പിട സമുച്ചയത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ഭൂരിഭാഗവും ആകാശത്തുവെച്ചുതന്നെ തകർക്കാൻ സൈന്യത്തിന് സാധിച്ചു. എങ്കിലും, ഏതാനും അവശിഷ്ടങ്ങൾ പതിച്ചാണ് കെട്ടിടത്തിന് നാശനഷ്ടമുണ്ടായത്. സംഭവസ്ഥലത്ത് ഉടൻ തന്നെ സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ സഹിതം വിവരം പുറത്തുവിട്ടത്. ആക്രമണത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സമാധാനാന്തരീക്ഷം തകർക്കുന്ന ഇറാന്റെ ഇത്തരം തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ ജീവനും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

