ഹുർമുസ്: കരാർ അരികെയെന്ന് ഇറാനും
text_fieldsതെഹ്റാൻ: ഹുർമുസ് തുറക്കുന്ന കരാർ ഉടനെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ സമാന സ്ഥിരീകരണവുമായി ഇറാനും. ചരക്കുകടത്തിന് ഒമാനുമായി കരാർ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഖാഇ പറഞ്ഞു. എന്നാൽ, ഇറാൻ തുറമുഖങ്ങൾക്കുമേൽ യു.എസ് ഉപരോധം അവസാനിപ്പിക്കാതെ ഹുർമുസ് വഴി ചരക്കുകടത്ത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ യു.എസും ഒമാനും പ്രതികരിച്ചിട്ടില്ല.
ആഗോള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്കുവഴി ഏറെയായി ചരക്കുകടത്ത് ഭാഗികമായി നിലച്ച നിലയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസും ഇസ്രായേലും ഇറാനിൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഹുർമുസിൽ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയത്. വൈകാതെ ഇറാൻ തുറമുഖങ്ങൾക്കുമേൽ അമേരിക്കയും ഉപരോധം പ്രഖ്യാപിച്ചു. ഇരു വിലക്കുകളും നീക്കലാണ് ചർച്ചകളിലെ പ്രധാന വെല്ലുവിളി.
പേർഷ്യൻ കടലിലേക്ക് കപ്പലുകളുടെ സഞ്ചാരം പൂർണമായി ഇറാൻ നിയന്ത്രണത്തിലാക്കുംവിധമാണ് പുതിയ ധാരണയെന്നാണ് സൂചന. താൽക്കാലികമായിരിക്കും പുതിയ പാതയെന്നും രണ്ടു മുതൽ നാലു വരെ മാസം ഈ പാത കപ്പലുകൾക്കായി തുറന്നിടുമെന്നും ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. അതിനിടെ, ചരക്കുകടത്തിന് ഇറാൻ തുക ഈടാക്കുമെന്ന പ്രഖ്യാപനവും കീറാമുട്ടിയായി തുടരുകയാണ്. കപ്പലിലെ ചരക്കിന്റെ അഞ്ചു മുതൽ ഏഴു ശതമാനം വരെ ഫീസ് നൽകണമെന്നാണ് ഇറാൻ ആവശ്യമെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്നു ശതമാനം വരെ ആകാമെന്ന് ഒമാനും പറയുന്നു. എന്നാൽ, തീരെ വാങ്ങരുതെന്നാണ് അമേരിക്കയുടെ ആവശ്യം. തുക ഈടാക്കുന്നതിനെതിരെ മുൻനിര ഷിപ്പിങ് കമ്പനി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. വിഷയത്തിൽ യു.എൻ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ കരാറിലെത്തിയിരുന്നെങ്കിലും ആക്രമണങ്ങളിൽ ശമനമുണ്ടായിട്ടില്ല. ഇറാൻ തുറമുഖങ്ങൾക്കുമേൽ ഉപരോധം തുടരുകയാണ്. ചെങ്കടലിൽ സൗദി കപ്പലുകൾക്ക് ഹൂതികളും ഉപരോധം തുടരുകയാണ്.
പാക് പ്രധാനമന്ത്രി സൗദിയിലേക്ക്
ലാഹോർ: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ ചർച്ചകൾക്കായി പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും സൗദിയിലേക്ക്. ഇറാൻ-യു.എസ് ചർച്ച പുനരാരംഭിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് ദിവസങ്ങൾക്ക് മുമ്പ് പാകിസ്താൻ അറിയിച്ചിരുന്നു. പാക് മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ ജൂൺ 18ന് കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിലും പ്രതിസന്ധി അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവർക്ക് പുറമെ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ, മറ്റു ഫെഡറൽ മന്ത്രിമാർ എന്നിവരും ഉന്നതതല സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

