ഹുർമുസ് നിങ്ങളുടേതെങ്കിൽ കാലിഫോർണിയ ഞങ്ങളുടേത്; ട്രംപിന് മറുപടിയുമായി ഇറാൻ
text_fieldsതെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഹുർമുസ് കടലിടുക്ക് സംബന്ധിച്ച അവകാശവാദത്തിന് പിന്നാലെ, യു.എസിലെ കാലിഫോർണിയയെ തങ്ങളുടെ പുതിയ പ്രദേശമായി വിശേഷിപ്പിച്ച് ഇറാൻ. നേരത്തേ ഹുർമുസ് കടലിടുക്ക് പുതിയ യു.എസ് പ്രദേശമാണെന്ന് സൂചിപ്പിക്കുന്ന ഒരു മാപ്പ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും ഈ ചിത്രം റീപോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇറാൻ സർക്കാരിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കാലിഫോർണിയയെ ഉൾപ്പെടുത്തി പുതിയ പ്രസ്താവന പുറത്തിറക്കിയത്.
എക്സിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക 'ഇറാൻ ഇൻ ഹൈദരാബാദ്' അക്കൗണ്ടാണ് അമേരിക്കയുടെ മാപ്പിൽ കാലിഫോർണിയ നീല നിറത്തിൽ അടയാളപ്പെടുത്തി കൊണ്ട് 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പുതിയ പ്രദേശം' എന്ന് വിശേഷിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചത്. ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസിം ഖരിബാബാദിയും രംഗത്തെത്തിയിട്ടുണ്ട്. ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ തെറ്റിധാരണകൾ ഒന്നെങ്കിൽ സ്വയം തിരുത്തപ്പെടും, അല്ലെങ്കിൽ ആ ഭ്രാന്തന്റെ തെറ്റിധാരണകൾ ഞങ്ങൾ തിരുത്തിക്കുമെന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.
ലോകത്ത് ഇറാനിയൻ വംശജർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൊന്നാണ് ലോസ് ആഞ്ചൽസ് ഉൾപ്പെടെയുള്ള കാലിഫോർണിയ. ലോസ് ആഞ്ചൽസ് കൗണ്ടിയിൽ മാത്രം ഏകദേശം 1,41,000 ഇറാനിയൻ അമേരിക്കക്കാർ വസിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് കാലിഫോർണിയയിലേക്ക് ഇറാനിയൻ ജനങ്ങളുടെ കുടിയേറ്റം വർധിച്ചതും, ലോസ് ആഞ്ചൽസിലെ വെസ്റ്റ് വുഡ് പ്രദേശം 'തെഹ്റാഞ്ചെൽസ്' എന്ന പേരിൽ ഇറാനിയൻ പ്രവാസികളുടെ പ്രധാന സാംസ്കാരിക കേന്ദ്രമായി മാറിയതും.
മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കിടയിലാണ് വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള ഈ വാക്പോരുകൾ അരങ്ങേറുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാന കരാറുകൾക്കുള്ള വഴിയൊരുക്കുന്നതിനുമായി ജൂണിൽ ഇറാനും അമേരിക്കയും ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും, അമേരിക്ക ഇത് ലംഘിച്ചതിന് പിന്നാലെ ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോരുകൾ പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

