ഇറാൻ വെടിനിർത്തൽ പോലെ സങ്കീർണം: ഗസ്സ ‘യുദ്ധവിരാമ’ത്തിന് ആറുമാസം
text_fieldsവെടിനിർത്തലിനുശേഷം ഗസ്സയിലെ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങുന്ന ഫലസ്തീനികൾ (ഫയൽ ചിത്രം)
ദാറുൽബലാഹ്: ഇറാൻ യുദ്ധത്തിനുണ്ടായ അതിദുർബലമായ താൽക്കാലിക വിരാമത്തിന്റെ സങ്കീർണതകൾക്കും സംശയങ്ങൾക്കുമിടെ, അതിനോളം തന്നെ ദുർബലമായ ഗസ്സ വെടിനിർത്തലിന് ആറുമാസം. വെടിനിർത്തലിന്റെ ഗുണം 20 ലക്ഷത്തോളം ഫലസ്തീനികൾക്ക് ഒരു ഘട്ടത്തിലും ലഭ്യമായിരുന്നില്ലെന്നതാണ് വാസ്തവം. ഇപ്പോഴും കടുത്ത അനിശ്ചിതത്വത്തിലാണ് ഗസ്സ നിവാസികൾ. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ഒരു അതിർത്തി പോസ്റ്റിലൂടെയുള്ള പരിമിതമായ സഹായത്തിലാണ് ഇപ്പോഴും അവരുടെ നിലനിൽപ്.
ഹമാസിനെ നിരായുധീകരിക്കാനും രണ്ടു പതിറ്റാണ്ടായി നിലനിൽക്കുന്ന അവരുടെ ആധിപത്യം അവസാനിപ്പിക്കാനുമെന്ന് പറഞ്ഞ് ഇപ്പോഴും നടത്തുന്ന വിവേചനരഹിതമായ ഇസ്രായേൽ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള ഫലസ്തീനികൾ ഇന്നും മരിച്ചുവീഴുന്നു. ദുരൂഹതകളും ഗൂഢലക്ഷ്യങ്ങളും ഉള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടതാണെങ്കിലും, അന്താരാഷ്ട്ര സേനയെ സ്ഥിരമായി വിന്യസിക്കുമെന്നും പുനർനിർമാണം ആരംഭിക്കുമെന്നും പറഞ്ഞ് കൊണ്ടുവന്ന ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ഗസ്സ സമാധാന ബോർഡി’ന്റെ പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വെടിനിർത്തൽ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും മരവിച്ചുകിടക്കുകയാണ്. സമാധാന ബോർഡിന്റെ പ്രാരംഭ യോഗം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ യു.എസും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെ അതിന്റെ തുടർ പ്രവർത്തനവും സ്തംഭിച്ചു.
സമാധാന ശ്രമങ്ങളോടുള്ള ട്രംപിന്റെ അസ്ഥിരമായ സമീപനം ഇറാൻ യുദ്ധത്തിലെ വെടിനിർത്തലിൽ അടക്കം പ്രതിധ്വനിക്കുമെന്നാണ് റിപ്പോർട്ട്. ഇറാനുമായി സുസ്ഥിരമായ കരാർ നടപ്പിലാക്കാൻ ട്രംപിന് കഴിയുമോ എന്നത് വ്യക്തമല്ലെന്ന് ഗസ്സ സമാധാന പദ്ധതി മുൻനിർത്തി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇറാൻ യുദ്ധത്തിന്റെ രണ്ടാഴ്ചത്തെ വെടിനിർത്തൽ ഇതിനകം തന്നെ ലബനാനിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കരാർ അവിടെ ബാധകമല്ലെന്ന് ഇസ്രായേൽ വാദിക്കുകയും ഇറാനിയൻ പിന്തുണയുള്ള ഹിസ്ബുല്ലയെ ആക്രമിക്കുന്നത് തുടരുകയും ചെയ്യുന്നു. എന്നാൽ, ലബനാൻ കരാറിന്റെ പരിധിയിൽ വരുമെന്നും ആക്രമണം തുടർന്നാൽ കരാർ റദ്ദാക്കുമെന്നും ഇറാനും പ്രതികരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

