Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹുർമുസ് കടലിടുക്കിൽ...

ഹുർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കാൻ ഇറാൻ; കപ്പലുകൾക്ക് ടോളും പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്തി തുടങ്ങി

text_fields
bookmark_border
ഹുർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കാൻ ഇറാൻ; കപ്പലുകൾക്ക് ടോളും പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്തി തുടങ്ങി
cancel

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതിനായി ഇറാൻ പുതിയ നിയമസംഹിത ഔദ്യോഗികമായി നടപ്പിലാക്കി. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി എന്ന പേരിൽ ഒരു പുതിയ സംവിധാനം രൂപീകരിച്ചാണ് ഇറാൻ ജലപാതയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ഇനി മുതൽ ഈ പാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും മുൻകൂട്ടി അനുമതി വാങ്ങുകയും നിശ്ചിത ടോൾ തുക അടക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. വാഷിങ്ടണിന്റെ ഉപരോധങ്ങളെ മറികടക്കാനും ജലപാതയുടെ നിയന്ത്രണം കൈക്കലാക്കാനുമുള്ള ടെഹ്‌റാന്റെ നീക്കം ആഗോള സമുദ്ര വ്യാപാര മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിമാറിക്കഴിഞ്ഞു.

പുതിയ നിയമപ്രകാരം കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ 'ഷിപ്പ് ഇൻഫർമേഷൻ ഡിക്ലറേഷൻ'എന്ന ഫോം പൂരിപ്പിച്ച് info@PGSA.ir എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കപ്പലിന്റെ ഉടമസ്ഥാവകാശം, ഇൻഷുറൻസ് രേഖകൾ, ജീവനക്കാരുടെ വിശദാംശങ്ങൾ, യാത്രയുടെ ഉദ്ദേശ്യം, റൂട്ട് എന്നിങ്ങനെ നാൽപ്പതോളം ചോദ്യങ്ങൾ അടങ്ങിയ വിശദമായ ചോദ്യാവലിയാണ് അധികൃതർ നൽകുന്നത്. കപ്പലിലെ ചരക്കിനെക്കുറിച്ചും ഓപ്പറേറ്റർമാരുടെ ദേശീയതയെക്കുറിച്ചുമുള്ള വിവരങ്ങളും ഇതിൽ വെളിപ്പെടുത്തേണ്ടതുണ്ട്. തെറ്റായ വിവരങ്ങൾ നൽകുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അപേക്ഷകൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും യാത്രാനുമതി നൽകുകയെന്നും ഇറാനിയൻ അധികൃതർ വ്യക്തമാക്കി.

ഏതൊക്കെ രാജ്യങ്ങൾക്ക് പെർമിറ്റ് ലഭിക്കുമെന്ന കാര്യത്തിൽ ഇറാൻ സൈന്യം ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കും യുഎസിനോടും ഇസ്രായേലിനോടും അനുഭാവം പുലർത്തുന്ന കപ്പലുകൾക്കും കടലിടുക്കിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കും. എന്നാൽ ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നേരത്തെ തന്നെ ടെഹ്‌റാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. റഷ്യയെപ്പോലുള്ള രാജ്യങ്ങളുടെ പിന്തുണയും ഇറാന് ഈ വിഷയത്തിലുണ്ട്. അതേസമയം ബഹ്‌റൈനെപ്പോലുള്ള അയൽരാജ്യങ്ങൾ അമേരിക്കൻ പ്രമേയങ്ങളെ പിന്തുണക്കുന്നത് ഗൗരവകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ഹുർമുസ് കടലിടുക്കിനെ ഒരു സാമ്പത്തിക-സുരക്ഷാ ലിവറേജായി ഉപയോഗിക്കാനാണ് ഇറാന്റെ നീക്കം. ടോൾ പിരിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഒമാനുമായി പങ്കുവെക്കാനും ഇറാൻ പദ്ധതിയിടുന്നുണ്ട്. നിലവിൽ ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത് ആഗോള ഊർജ്ജ വിപണിയിൽ എണ്ണവില വർദ്ധനവിന് കാരണമായിട്ടുണ്ട്. വിദേശ ശക്തികളുടെ ഇടപെടലില്ലാത്ത ഒരു പുതിയ പ്രാദേശിക ക്രമം കെട്ടിപ്പടുക്കുക എന്നതാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ദർശനം. എന്നാൽ ഇറാന്റെ ഈ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ പ്രമേയം കൊണ്ടുവരാൻ അമേരിക്കയും ബഹ്‌റൈനും ശ്രമിക്കുന്നുണ്ടെങ്കിലും റഷ്യ വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ തടയാൻ സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranus-iranWarStrait of Hormuz
News Summary - Iran aims for dominance in the Strait of Hormuz; tolls and new regulations for ships; America retaliates
Next Story