Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനുമായി വാക്പോര് മുറുകുന്നതിനിടെ ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥൻ ഇസ്‍ലാമാബാദിൽ

text_fields
bookmark_border
Alok Dimri
cancel
camera_alt

അലോക് ദിംറി

ഇസ്ലാമാബാദ്: ഇന്ത്യ-പാക്ക് നയതന്ത്ര ബന്ധം ഏറ്റവും വഷളായി നിൽക്കുന്നതിനിടെ നിർണായക നീക്കവുമായി പാകിസ്താൻ. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) 2027 ലെ ഉച്ചകോടിക്ക് തങ്ങൾ ആതിഥേയത്വം വഹിക്കുമെന്ന് പാകിസ്താൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന് ഇസ്ലാമാബാദിൽ ആരംഭിച്ച എസ്.സി.ഒ നാഷണൽ കോർഡിനേറ്റർമാരുടെ മൂന്ന് ദിവസത്തെ നിർണായക യോഗത്തിലാണ് പാക് വിദേശകാര്യ മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (മൾട്ടി ലാറ്ററൽ ആൻഡ് ഇക്കണോമിക് റിലേഷൻസ്) അലോക് ദിംറി യോഗത്തിൽ പങ്കെടുത്തു. പാകിസ്താൻ വിദേശകാര്യ മന്ത്രാലയം തന്നെയാണ് ഇതിന്റെ ചിത്രം പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു ഔദ്യോഗിക ഇന്ത്യൻ പ്രതിനിധി സംഘം പാക് മണ്ണിൽ കാലുകുത്തുന്നത് എന്നത് കൊണ്ട് ഈ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു. സൈനിക നടപടിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായും സ്തംഭിച്ചിരിക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു. ഭീകരവാദ വിഷയത്തിലും കശ്മീർ വിഷയത്തിലും ഇരുരാജ്യങ്ങളും പരസ്പരം കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തന്റെ പ്രസംഗത്തിൽ പാക്കിസ്താനെതിരെ ആഞ്ഞടിച്ചപ്പോൾ, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കശ്മീർ വിഷയം ഉയർത്തി ഇന്ത്യക്കെതിരെ രംഗത്തെത്തി.

പിന്നാലെ ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞർ പരസ്പരം മറുപടി നൽകുകയും ചെയ്തു. ഈ സംഘർഷഭരിതമായ അന്തരീക്ഷത്തിനിടയിലാണ് ഇസ്ലാമാബാദിൽ എസ്.സി.ഒ യോഗം നടക്കുന്നത്. 2027 ആഗസ്റ്റിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ അജണ്ടയും ലോജിസ്റ്റിക്സും ഉൾപ്പെടെയുള്ള പ്രാഥമിക ഒരുക്കങ്ങളാണ് നിലവിൽ ചർച്ച ചെയ്യുന്നത്. ഉച്ചകോടിക്ക് ഇന്ത്യൻ പ്രധാനമന്ത്രി പാകിസ്താനിൽ എത്തുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian official visits Islamabad for SCO planning meet
Next Story