Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്ക–പാകിസ്‍താൻ സൗഹൃദം ശക്തമാകുന്നു; ആശങ്ക മനസ്സിലാക്കണമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

text_fields
bookmark_border
അമേരിക്ക–പാകിസ്‍താൻ സൗഹൃദം ശക്തമാകുന്നു; ആശങ്ക മനസ്സിലാക്കണമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്
cancel

ന്യൂയോർക്ക്: അമേരിക്കയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്നതിനിടെ, രാജ്യത്തിന്റെ സുരക്ഷാ ആശങ്കകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ സുരക്ഷയെയും അതിർത്തി കടന്നുള്ള ഭീകരവാദത്തെയും കുറിച്ച് അമേരിക്കക്ക് വേണ്ടത്ര ബോധ്യമില്ലാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിലെ ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കവെയാണ് ജയശങ്കർ നിലപാട് കടുപ്പിച്ചത്.

പാകിസ്താന്റെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു മന്ത്രിയുടെ വിമർശനം. പതിറ്റാണ്ടുകളായി ഒരു അയൽരാജ്യത്തിന്റെ ഔദ്യോഗിക നയത്തിന്റെ ഭാഗമായി ഇത്രയധികം ഭീകരവാദത്തിന് ഇരയായ രാജ്യങ്ങൾ ലോകത്ത് വളരെ കുറവാണ്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഈ വിഷയത്തിൽ പങ്കാളിയായ അമേരിക്കയുടെ ഭാഗത്തുനിന്ന് ആവശ്യമായ പിന്തുണയോ സഹതാപമോ ലഭിക്കുന്നില്ലെങ്കിൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫിന്റെ യു.എൻ പ്രസംഗത്തിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ജയശങ്കറിന്റെ പരാമർശം.

ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചും മന്ത്രി സംസാരിച്ചു. വ്യാപാര കരാറിലെ ചർച്ചകൾ വൈകിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു ചെറിയ ഉത്പാദകരുടെ രാജ്യമാണ്. ചെറിയ കർഷകരും ചെറുകിട ഫാക്ടറികളുമാണ് ഇവിടെയുള്ളത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമൂഹിക സാഹചര്യങ്ങളിലും ഉത്പാദന രീതികളിലും വലിയ അന്തരമുണ്ട്. അതിനാൽ തന്നെ വ്യാപാര ചർച്ചകൾക്ക് ഏറെ സമയവും സൂക്ഷ്മമായ പരിശോധനകളും ആവശ്യമാണെന്നും ജയശങ്കർ വിശദീകരിച്ചു.

ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും വ്യാപാര കരാറിന്റെ ഒന്നാം ഘട്ട ചർച്ചകൾ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, യു.എസിന്റെ താരിഫ് നയങ്ങളിലുണ്ടായ മാറ്റങ്ങൾ വീണ്ടും ചർച്ചകൾക്ക് കാരണമായി. അമേരിക്കയുടെ പുതിയ സെക്ഷൻ 301 നടപടികൾ കരാറിനെ എങ്ങനെ ബാധിക്കുമെന്നതാണ് നിലവിലെ ചോദ്യമെന്ന് ജയശങ്കർ വ്യക്തമാക്കി. എങ്കിലും നിലവിൽ വ്യാപാര കരാറുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയിട്ടുണ്ടെന്നും, കരാർ പൂർണമായി യാഥാർത്ഥ്യമായാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - S Jaishankar Draws Red Line On Terror In India-US Ties
Next Story