Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആണവ കേന്ദ്രങ്ങളിൽ...

ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്ന് ഐ.എ.ഇ.എ; അന്തിമ കരാറിന് ശേഷം മാത്രമേ അനുമതി നൽകൂ എന്ന് ഇറാൻ

text_fields
bookmark_border
rafael grossi
cancel

ടോക്യോ: ഇറാനിലെ ആണവ കേന്ദ്രങ്ങളിലെ പരിശോധനയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവ ഊർജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയും ഇറാനിയൻ അധികൃതരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് ആണവ കേന്ദ്രങ്ങളിലെ പരിശോധന എത്രയും പെട്ടന്ന് തന്നെ നടപ്പിലാക്കുമെന്നാണ് ഗ്രോസിയുടെ നിലപാട്. എന്നാൽ അന്തിമ കരാറിലെത്താതെ പരിശോധനകൾക്ക് അനുമതി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

ജപ്പാനിലെ ഫുക്കുഷിമ ദായിച്ചി ആണവനിലയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇറാനി​ൽ പരിശോധനകൾ നടക്കുമെന്ന കാര്യത്തിൽ ഗ്രോസി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഭാഗമായി ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തുമെന്നും, ഇതിനായുള്ള തിയതികളും നടപടിക്രമങ്ങളും ഉടൻ തീരുമാനിക്കുമെന്നും ഗ്രോസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ ആണവ കേന്ദ്രങ്ങളിലെ പരിശോധനകളെക്കുറിച്ചുള്ള ഏത് ചർച്ചയും അന്തിമവും സമഗ്രവുമായ കരാറിന്റെ ഭാഗമായി മാത്രമേ നടക്കുകയുള്ളൂ എന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസം ഗരിബാബാദി വ്യക്തമാക്കി. ആക്രമണത്തിനിരയായ ആണവ കേന്ദ്രങ്ങളിലേക്കോ ആണവ സാമഗ്രികളിലേക്കോ പരിശോധകരെ പ്രവേശിപ്പിക്കാൻ നിലവിൽ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള പ്രായോഗിക നടപടികൾ മറുഭാഗത്ത് നിന്ന് ഉണ്ടായാൽ മാത്രമേ ഇത്തരം വിഷയങ്ങളിൽ അന്തിമ കരാറിന്റെ ഭാഗമായി തീരുമാനമെടുക്കൂ എന്നും മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങൾ ഉപയോഗിച്ച് അനാവശ്യ സമ്മർദം ചെലുത്തേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2025 ജൂണിൽ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ യുദ്ധത്തിൽ അമേരിക്ക ബോംബാക്രമണം നടത്തിയ ആണവ കേന്ദ്രങ്ങളിലേക്ക് ഐ.എ.ഇ.എ പരിശോധകരെ അനുവദിക്കാൻ ഇറാൻ ഇതുവരെ തയാറായിട്ടില്ല. ഇസ്ഫഹാനിലെ ഭൂഗർഭ തുരങ്കങ്ങളിലാണ് ഇറാൻ തങ്ങളുടെ യുറേനിയം ശേഖരം സൂക്ഷിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു. യുദ്ധത്തിന് മുമ്പ് തന്നെ 90 ശതമാനം ശുദ്ധീകരണ ശേഷിയുള്ള പത്ത് ബോംബുകൾ നിർമിക്കാൻ ആവശ്യമായ യുറേനിയം ഇറാനുണ്ടായിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള ഇടക്കാല കരാർ പ്രകാരം 60 ദിവസത്തിനുള്ളിൽ ഒരു അന്തിമ സമാധാന കരാറിലെത്താനാണ് ലക്ഷ്യമിടുന്നത്. ഇടക്കാല കരാറിന്റെ ഭാഗമായി യുറേനിയത്തിന്റെ അളവ് കുറക്കാൻ ഇറാൻ തയാറായെങ്കിലും, ആണവ കേന്ദ്രങ്ങളിൽ പരിശോധനക്കുള്ള പ്രവേശനത്തെ ചൊല്ലി തർക്കങ്ങൾ തുടരുകയാണ്. അതിനിടെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുന്ന നാവികരെ ഒഴിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഹുർമുസ് കടലിടുക്കിലേക്ക് കപ്പലുകൾ അയച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranpeace dealMoUUS IranStrait of HormuzIAEAnuclear inspectionsnuclear sites
News Summary - IAEA chief says Iran's nuclear sites will be inspected, Tehran bars access until final deal
Next Story