സൗദിയിലെ എണ്ണശാലക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണം; വൻ തീപിടിത്തം
text_fieldsസൻആ: സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ അരാംകോക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ശനിയാഴ്ച അരാംകോ റിഫൈനറിക്ക് മുകളിൽ വൻതോതിൽ പുകയും തീജ്വാലകളും ഉയരുന്നതായി കണ്ടതിന് പിന്നാലെയാണ് ഈ അവകാശവാദവുമായി ഹൂതികൾ രംഗത്തെത്തിയത്. തീ അണക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ.
എന്നിരുന്നാലും, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് സൗദി അധികാരികളുടെയോ അരാംകോയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
തലസ്ഥാനമായ സൻആ ഉൾപ്പെടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സഖ്യസേന തുടർച്ചയായി നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് ഹൂതി സൈനിക വക്താവ് യഹ്യ ശരീ സാമൂഹിത മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ 60ഓളം വ്യോമാക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ ആക്രമണം വൻ തീപിടിത്തത്തിന് കാരണമായെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അതേസമയം, സൻആയിലും ഹൂതികളുടെ പ്രധാന ശക്തികേന്ദ്രമായ സഅദയിലും ഹൂതികൾക്ക് നേരെ സായുധ സേന വ്യോമാക്രമണം നടത്തി. ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.യമൻ സായുധ സേനയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘നിർണായക ലക്ഷ്യങ്ങൾ’ മുൻനിർത്തിയാണ് ആക്രമണം നടത്തുന്നതെന്ന് വക്താവ് അറിയിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, സൻആയിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ആക്രമണം നടന്നതായി ഹൂതികളുടെ ഉടമസ്ഥതയിലുള്ള ‘അൽ മസീറ ടിവി’യും റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ റിപ്പോർട്ടുകളോട് സൗദി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

