ഹുർമുസിൽ കപ്പലിന് തീപിടിച്ചത് മൈനുകളിൽ ഇടിച്ചെന്ന് ഇറാൻ, മിസൈൽ ആക്രമണത്താലെന്ന് അമേരിക്ക; വാഗ്വാദം മുറുകുന്നു
text_fieldsതെഹ്റാൻ/വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിൽ സൂപ്പർ ടാങ്കർ കപ്പലിന് തീപിടിച്ച സംഭവത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദം മുറുകുന്നു. ഹുർമുസ് കടലിടുക്കിൽ കപ്പൽ നാവിക മൈനുകളിൽ ഇടിച്ചാണ് തീപിടിച്ചതെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ വാദം. എന്നാൽ നിയന്ത്രിത പാതയിലൂടെ സഞ്ചരിക്കാൻ നൽകിയ മുന്നറിയിപ്പുകൾ കപ്പൽ ജീവനക്കാർ അവഗണിച്ചുവെന്നും ഇറാൻ ആരോപിക്കുന്നു.
ഈ വാദങ്ങൾ പൂർണമായും തള്ളിക്കൊണ്ട് യു.എസ്. സെന്റ്‌കോം രംഗത്തെത്തി. ഒമാന് സമീപം വെച്ച് ‘എൽ ഗായ’ എന്ന ടാങ്കർ കപ്പലിന് നേരത്തെ ഇറാനിയൻ മിസൈൽ ആക്രമണവും തുടർന്ന് ഡ്രോൺ ആക്രമണവും നേരിട്ടിട്ടുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
മധ്യേഷ്യയിലെ സംഘർഷാവസ്ഥയുടെ പ്രധാന കേന്ദ്രമായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയെക്കുറിച്ച് ഈ സംഭവം കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം, ഹുർമുസ് കടലിടുക്കിൽ ഖഷം ദ്വീപിന് സമീപം ഇറാനിയൻ വാണിജ്യക്കപ്പലിന് നേരെ ആക്രമണമുണ്ടായതായും ഒരാൾ കൊല്ലപ്പെട്ടതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമാൻ തീരത്തുവെച്ച് ഇന്ത്യൻ ജീവനക്കാരുള്ള ‘എം.ടി എൽ ഗായ' എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഇതിലെ 13 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി.
ഒമാനിൽ നടക്കാനിരുന്ന ഹുർമുസ് കടലിടുക്ക് സംബന്ധിച്ച ചർച്ചകൾ സൗദി അറേബ്യയുടെ അഭ്യർഥനപ്രകാരം മാറ്റിവെച്ചു. പ്രാദേശിക സ്ഥിതിഗതികളും യമനിലെ സംഭവവികാസങ്ങളും കാരണം നിലവിലെ കരാർ രൂപം അംഗീകരിക്കാൻ കഴിയില്ലെന്ന സൗദിയുടെ ആശങ്കയാണ് കാരണം.
യമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ ഖമിസ് മുഷൈത്, അബ്ഹ,തായിഫ് എന്നീ നഗരങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബുൽ മന്ദബ് കടലിടുക്കിലെ പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യ മുൻകരുതൽ എന്ന നിലയിൽ തങ്ങളുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ താൽക്കാലികമായി അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

