വലിയ യുദ്ധക്കപ്പലുകൾ ഇറാനിലേക്ക് അയച്ചിട്ടുണ്ട്, അവ ഉപയോഗിക്കേണ്ടിവരില്ലെന്നാണ് പ്രതീക്ഷ... -ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടി ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാധ്യമായ ആണവ കരാറിനെക്കുറിച്ച് തെഹ്‌റാനുമായി കൂടുതൽ ചർച്ചകൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
‘എന്റെ ആദ്യ ടേമിൽ ഞാൻ സൈന്യത്തെ സജ്ജമാക്കി. ഇപ്പോൾ ഇറാൻ എന്ന സ്ഥലത്തേക്ക് ഞങ്ങളുടെ ഒരു സംഘം പുറപ്പെട്ടിട്ടുണ്ട്, അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം’ -ഭാര്യ മെലാനിയയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രീമിയർ നടക്കവെ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാനുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് ‘എനിക്ക് അത് ആഗ്രഹമുണ്ടായിരുന്നു, ഞാൻ അത് ആസൂത്രണം ചെയ്യുന്നുണ്ട്. ഇറാനിലേക്ക് ഇപ്പോൾ വലിയ ശക്തമായ യുദ്ധക്കപ്പലുകൾ അയച്ചിട്ടുണ്ട്, പക്ഷേ അവ ഉപയോഗിക്കേണ്ടി വന്നില്ലെങ്കിൽ നന്നായിരിക്കും...’ -ട്രംപ് പറഞ്ഞു.
അതേസമയം, കാനഡയിൽനിന്ന് അമേരിക്കയിലേക്ക് വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപിന്‍റെ ഭീഷണി. യു.എസ് വിമാന നിർമ്മാതാക്കളായ ഗൾഫ്‌സ്ട്രീം എയ്‌റോസ്‌പേസ് നിർമ്മിച്ച ബിസിനസ് ജെറ്റുകൾക്ക് കാനഡ ഉടൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഈ നീക്കം പ്രാബല്യത്തിൽ വരുമെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു. കാനഡ നിരവധി ഗൾഫ്‌സ്ട്രീം മോഡലുകൾക്ക് സർട്ടിഫിക്കേഷൻ തെറ്റായും നിയമവിരുദ്ധമായും നിരസിച്ചതായും ട്രംപ് ആരോപിച്ചു.
കനേഡിയൻ വിമാന നിർമ്മാതാക്കളായ ബോംബാർഡിയറിനെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നാണ് റിപ്പോർട്ടുകൾ. ഇത് വിമാന സർട്ടിഫിക്കേഷനെച്ചൊല്ലിയുള്ള വ്യാപാര തർക്കം രൂക്ഷമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

