ഗസ്സയിൽ ഏഴുനില കെട്ടിടം ഇടിഞ്ഞുവീണ് 16 മരണം; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത് നൂറിലധികം പേർ
text_fieldsഗസ്സ സിറ്റി
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഏഴ് നിലകളുള്ള റസിഡൻഷ്യൽ കെട്ടിടം ഇടിഞ്ഞുവീണ് കുട്ടികളും സ്ത്രീകളുമുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഫലസ്തീൻ സിവിൽ ഡിഫൻസ് അറിയിച്ചതനുസരിച്ച്, അഞ്ച് കുട്ടികളുൾപ്പെടെ 16 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പുറത്തുവന്ന ദൃശ്യങ്ങളിൽ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുട്ടികളെ പുറത്തെടുക്കുന്നത് കാണാം. പ്രദേശവാസികളും മണ്ണ് മാറ്റി സഹായിക്കുന്നുണ്ട്. തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് കുട്ടികളുടെ സഹായത്തിനായുള്ള നിലവിളി കേൾക്കാമായിരുന്നുവെന്ന് ദൃക്‌സാക്ഷികളും സ്ഥിരീകരിച്ച വിഡിയോ ദൃശ്യങ്ങളും വ്യക്തമാക്കുന്നു.
ഒരു വിഡിയോയിൽ ഒരു കൊച്ചുപെൺകുട്ടിയെ ജീവനോടെ പുറത്തെടുക്കുന്നത് കാണാം. ശ്വാസംമുട്ടി അവശരായ നിരവധി കുട്ടികളുൾപ്പെടെയുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സിവിൽ ഡിഫൻസ് സംഘങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാനും കാണാതായവർക്കായുള്ള തിരച്ചിലുമാണ് നടത്തുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് 100 ഓളം ഫലസ്തീനികൾ ഈ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു.
ആവശ്യമായ ഉപകരണങ്ങളുടെ അഭാവം മൂലം കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിച്ചേരുക അതീവ ദുഷ്കരമാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധകാലത്ത് ഇസ്രയേൽ ബോംബാക്രമണത്തിൽ ഈ കെട്ടിടത്തിന് നേരത്തെ കേടുപാടുകൾ സംഭവിച്ചിരുന്നു. ആക്രമണത്തിൽ കെട്ടിടത്തിൽ വിള്ളലുകൾ വീണ് ഘടനാപരമായി ബലഹീനമായിരുന്നു. ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ വംശഹത്യാപരമായ യുദ്ധം ഉപരോധിത പ്രദേശത്തുടനീളം ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ നിർമാണ സാമഗ്രികളുടെ പ്രവേശനവും ഇസ്രയേൽ നിയന്ത്രിച്ചിരിക്കുകയാണ്. അഭയാർഥി കേന്ദ്രങ്ങളോ അനുയോജ്യമായ ടെന്റുകളോ ഇല്ലാത്ത സാഹചര്യത്തിൽ പോകാൻ മറ്റൊരിടമില്ലാത്തതിനാൽ നിരവധി ഫലസ്തീനികൾ ജീവന് ഭീഷണിയായ അപകടകരമായ കെട്ടിടങ്ങളിൽ തുടരാൻ നിർബന്ധിതരാകുകയാണെന്ന് മഹ്മൂദ് പറഞ്ഞു.
അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും സിവിൽ ഡിഫൻസ് സംഘങ്ങൾക്ക് ആവശ്യമായ ഭാരമേറിയ ഉപകരണങ്ങളുടെ പ്രവേശനത്തിനും ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

