ഗസ്സയിൽ നിന്ന് ഫലസ്തീനികളെ ‘സ്വമേധയാ കുടിയൊഴിപ്പിക്കാൻ’ പ്രത്യേക മന്ത്രാലയം വേണം; വിവാദ നിർദേശവുമായി ഇസ്രായേൽ മന്ത്രി ബെൻ ഗ്വിർ
text_fieldsഇറ്റാമർ ബെൻ ഗ്വിർ
തെൽ അവീവ്: ഇസ്രായേലിൽ വരാനിരിക്കുന്ന സർക്കാരിൽ തങ്ങൾ പങ്കാളിയാവുകയാണെങ്കിൽ, ഗസ്സയിൽ നിന്ന് ഫലസ്തീനികളെ 'സ്വമേധയാ കുടിയൊഴിപ്പിക്കുന്നതിനായി' പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. തന്റെ ഒത്സ്മ യഹൂദിത് പാർട്ടി ഇതിനായി പുതിയ മന്ത്രാലയത്തിന്റെ നിയന്ത്രണം ആവശ്യപ്പെടുമെന്നും, ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അധികാരവും ഫണ്ടും ഉറപ്പാക്കുമെന്നും ബെൻ ഗ്വിർ പറഞ്ഞു. ഗസ്സ വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഫലസ്തീനികൾക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ഇസ്രായേലിനും കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് ബെൻ ഗ്വിറിന്റെ വാദം.
‘ഡിസ്എൻഗേജ്മെന്റ് 710’ എന്ന പേരിലാണ് ബെൻ ഗ്വിർ ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ആദ്യ വർഷം തന്നെ ഏകദേശം 2.5 ലക്ഷം ഗസ്സ വാസികളെയും, മൂന്ന് വർഷത്തിനുള്ളിൽ 11.1 ലക്ഷം പേരെയും, ഏഴ് വർഷത്തിനുള്ളിൽ 1.86 ദശലക്ഷം പേരെയും ഗസ്സയിൽ നിന്ന് മാറ്റിപ്പാർപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഫലസ്തീനികളെ സ്വീകരിക്കാൻ തയാറുള്ള രാജ്യങ്ങളുമായി നയപരമായ ചർച്ചകൾ നടത്തുക, യാത്ര, താമസം, തൊഴിൽ പരിശീലനം, തൊഴിൽ എന്നിവക്കുള്ള സാമ്പത്തിക സഹായങ്ങൾ നൽകുക എന്നിവയാണ് പുതിയ മന്ത്രാലയത്തിന്റെ പ്രധാന ചുമതലകളെന്ന് പാർട്ടി വ്യക്തമാക്കി.
ഇതിനായി തുർക്കിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, തുടങ്ങിയ പേരു വെളിപ്പെടുത്താത്ത ചില അറബ് രാജ്യങ്ങളെയാണ് പാർട്ടി നിർദേശിക്കുന്നത്. എന്നാൽ ഈ രാജ്യങ്ങളൊന്നും തന്നെ ഇത്തരമൊരു പദ്ധതിക്ക് അംഗീകാരം നൽകിക്കൊണ്ട് പരസ്യമായി മുന്നോട്ടുവന്നിട്ടില്ല. അതേസമയം ഈ ഒഴിഞ്ഞുപോകൽ സ്വമേധയാ ഉള്ളതാണെന്നാണ് ബെൻ ഗ്വിർ അവകാശപ്പെടുന്നതെങ്കിലും, വംശഹത്യ നാശം വിതച്ച സാഹചര്യത്തിൽ ഇത്തരത്തിലുള്ള വൻതോതിലുള്ള കുടിയൊഴിപ്പിക്കലുകൾ നിർബന്ധിത പലായനത്തിന് തുല്യമാണെന്നും അത് വംശഹത്യയുടെ പരിധിയിൽ വരുമെന്നും അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം പ്രത്യേക സാഹചര്യങ്ങളിലല്ലാതെ അടിച്ചമർത്തപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള സിവിലിയന്മാരെ ബലമായി നാടുകടത്തുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഫലസ്തീനികളെ ബലമായി ഒഴിപ്പിക്കുന്നതിനോ പുറത്താക്കുന്നതിനോ എതിരാണെന്ന് അമേരിക്കയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇത് ബെൻ ഗ്വിറിന്റെ പാർട്ടിയുടെ ഒരു രാഷ്ട്രീയ നീക്കം മാത്രമാണെന്നും ഔദ്യോഗിക ഇസ്രായേൽ സർക്കാരിന്റെ നയമല്ലെന്നും വ്യക്തമാണ്. കൂടാതെ ദ്ധതി നടപ്പിലാകണമെങ്കിൽ രാഷ്ട്രീയ അംഗീകാരവും ഫലസ്തീനികളെ സ്വീകരിക്കാൻ തയാറുള്ള രാജ്യങ്ങളുടെ ഔദ്യോഗിക അനുമതിയും ആവശ്യമാണ്.
നിലവിൽ ഇസ്രായേൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നെതന്യാഹുവും മറ്റ് മന്ത്രിമാരും ഗസ്സക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. കൂടാതെ ഗസ്സയിൽൽ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായുള്ള പദ്ധതിയും ഇസ്രായേൽ മുന്നോട്ട് വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

