Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘കെൽപില്ലാത്ത...

‘കെൽപില്ലാത്ത നേതാവി’നെ കാണുന്നത് ‘ബഹുമതി’യായി; മുജ്തബ ഖാംനഈയോടുള്ള ട്രംപിന്റെ പുതുസമീപനത്തിന് പിന്നിലെന്ത്?

text_fields
bookmark_border
donald trump
cancel

അപ്രതീക്ഷിത തീരുമാനങ്ങളും നിലപാട് മാറ്റങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടുമൊരിക്കൽ കൂടി തന്റെ പഴയ പ്രസ്താവനകളിൽ നിന്ന് മലക്കംമറിഞ്ഞിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണങ്ങൾ വെറും ദിവസങ്ങൾ കൊണ്ടാണ് മാറി മറിഞ്ഞത്. ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാനും സമാധാനക്കരാറിലെത്താനും മുജ്തബ ഖാംനഈയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നും, അത് തനിക്കൊരു 'ബഹുമതി'യായിരിക്കുമെന്നുമാണ് ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

എന്നാൽ, കഴിഞ്ഞ ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിനിടയിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ മകൻ മുജ്തബ തെരഞ്ഞെടുക്കപ്പെട്ടതിനെ രൂക്ഷമായി വിമർശിച്ചയാളാണ് ട്രംപ്. മുജ്തബയെ ഇറാൻ പരമോന്നത നേതാവായി അധികനാൾ വാഴിക്കില്ലെന്നായിരുന്നു ട്രംപിന്റെ അന്നത്തെ പ്രധാന ഭീഷണി. ഖാംനഈ പ്രാപ്തിയില്ലാത്ത നേതാവാണെന്നും പുതിയ ഇറാൻ നേതൃത്വത്തിന്റെ നിലനിൽപ്പ് പൂർണമായും അമേരിക്കയുടെ അംഗീകാരത്തെ ആശ്രയിച്ചായിരിക്കുമെന്നും ട്രംപ് നിരന്തരം ആവർത്തിച്ചിരുന്നു.

കുറച്ചു ദിവസം കൊണ്ട് ഇറാനെ തകർക്കാമെന്ന യു.എസ് ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, യുദ്ധം നീണ്ടുപോയതും ആഗോള എണ്ണവിപണി തകർന്നതും അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദങ്ങളുമാണ് ട്രംപിനെ തന്റെ നിലപാട് പാടെ മാറ്റാൻ പ്രേരിപ്പിക്കുന്നത്. തുടർന്ന് സമീപകാല അഭിമുഖങ്ങളിൽ സംസാരിച്ച ട്രംപ്, മുമ്പ് താൻ നടത്തിയ പ്രസ്താവനകളെ തിരുത്തിക്കൊണ്ട് മുജ്തബ ഖാംനഈയുടെ നയതന്ത്ര പ്രാവീണ്യത്തെ പ്രശംസിക്കുകയാണുണ്ടായത്. നിലവിലെ വെടിനിർത്തൽ ചർച്ചകളിൽ മുജ്തബ പ​ങ്കെടുക്കുന്നുണ്ടെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. നേരത്തെ ഇറാൻ ജനതക്ക് മുജ്തബയോട് ബഹുമാനമില്ലെന്ന് പറഞ്ഞതും ട്രംപ് തിരുത്തുകയുണ്ടായി.

ഇറാൻ ചേർന്ന് അടച്ചുപൂട്ടിയ ഹുർമുസ് കടലിടുക്ക് തുറക്കാനുള്ള യു.എസ് തന്ത്രങ്ങൾ നിരന്തരം പരാജയപ്പെട്ടതും നാറ്റോ സഖ്യകക്ഷികളുടെ പിന്തുണയില്ലാത്തതും ട്രംപിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. യുദ്ധത്തിന്റെ പേരിൽ നാറ്റോയിൽ നിന്നും അമേരിക്ക പുറത്തുപോകുമെന്ന് വരെ അന്ന് ഭീഷണികളുണ്ടായിരുന്നു. നാറ്റോ വെറുമൊരു പേപ്പർ കടലാസാണെന്നായിരുന്നു ട്രംപിന്റെ വിമർശനം.

വെടിനിർത്തൽ കരാർ എത്രയും പെട്ടെന്ന് നടക്കണമെന്ന ട്രംപിന്റെ ധൃതിയാണ് ഒടുവിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ആക്രോശിക്കുന്നതിലേക്ക് വരെ എത്തിച്ചത്. ഇസ്രായേൽ ലബനാനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ യാതൊരു വിധ ചർച്ചക്കും തങ്ങൾ തയാറല്ലെന്ന കടുത്ത നിലപാടാണ് ഇറാനും ഹിസ്ബുല്ലയും സ്വീകരിച്ചത്. ഇതാണ് ട്രംപിനെ ഇത്തരമൊരു പുതിയ നയതന്ത്ര നീക്കത്തിന് പ്രേരിപ്പിച്ചത്. എന്നാൽ, മുജ്തബ ഖാംനഈയോടുള്ള ഡോണൾഡ് ട്രംപിന്റെ ഈ പെട്ടെന്നുള്ള മാറ്റത്തെ ആഗോള വിദേശനയ വിദഗ്ദ്ധരും ഭൗമരാഷ്ട്രീയ നിരീക്ഷകരും സംശയത്തോടെയും വിമർശനത്തോടെയുമാണ് വീക്ഷിക്കുന്നത്.

ട്രംപിന്റെ ഈ പിന്മാറ്റം അദ്ദേഹം ആദ്യം മുന്നോട്ടുവെച്ച ‘പരമാവധി സമ്മർദ്ദ തന്ത്ര’ത്തിന്റെ പരാജയമായാണ് ആഗോള പ്രതിരോധ വിദഗ്ദ്ധർ കാണുന്നത്. ആയത്തുല്ല അലി ഖാംനഈയെ വധിക്കുകയും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും ചെയ്തിട്ടും, തെഹ്റാനിലെ ഭരണകൂടത്തെ തകർക്കാനോ പൂർണമായി കീഴടക്കാനോ അമേരിക്കക്ക് ഇതുവരെ സാധിച്ചിട്ടില്ല. മുമ്പ് മുജ്തബയെ ‘നിലനിൽപ്പില്ലാത്ത വെറും ലൈറ്റ്‌വെയ്റ്റ്’ എന്ന് അധിക്ഷേപിച്ച ട്രംപ്, ഇപ്പോൾ അദ്ദേഹത്തെ ‘പ്രൊഫഷണൽ’ എന്ന് വിളിച്ച് പുകഴ്ത്തുന്നത് വ്യോമാക്രമണം കൊണ്ട് മാത്രം ഇറാനെ തോൽപ്പിക്കാനാകില്ലെന്ന യു.എസിന്റെ പരോക്ഷമായ സമ്മതിക്കലാണ്.

ഒരു ദിവസം മിഡിൽ ഈസ്റ്റിനെത്തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, തൊട്ടടുത്ത ദിവസം ഒരു പോഡ്‌കാസ്റ്റിൽ വന്നിരുന്ന് ‘ഞങ്ങൾ അയാളുടെ അച്ഛനെയും ഭാര്യയെയും മകനെയും കൊന്നു... അതുകൊണ്ട് ഞാൻ അയാളുടെ പ്രിയപ്പെട്ടവനായിരിക്കില്ല, എങ്കിലും കാണാൻ ബഹുമതിയുണ്ട്’ എന്ന് തമാശ രൂപേണ പറയുകയും ചെയ്യുന്ന ട്രംപിന്റെ ശൈലി അമേരിക്കയുടെ അന്താരാഷ്ട്ര വിശ്വാസ്യതക്ക് കടുത്ത മങ്ങലേൽപ്പിച്ചതായും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കായി ട്രംപ് വിദേശനയം അടിക്കടി മാറ്റുന്നത് റഷ്യ, ചൈന തുടങ്ങിയ വൻശക്തികൾക്ക് മുന്നിൽ അമേരിക്കയുടെ പ്രതിരോധ വീര്യം ചോർന്നുപോയെന്ന സന്ദേശമാണ് നൽകുന്നത്. സ്വന്തം പേരിൽ ഒരു ‘ചരിത്ര സമാധാനക്കരാർ’ ഉണ്ടാക്കാനുള്ള ട്രംപിന്റെ തിടുക്കം അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികളെ പിണക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.

ഇറാൻ അമേരിക്കയെ തങ്ങളുടെ നിബന്ധനകളിലേക്ക് കൊണ്ടുവരികയാണെന്നതിന്റെ തെളിവാണ് യു.എസ് നേരിട്ട് ചർച്ചക്ക് വരണമെങ്കിൽ കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ കാണണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. ഇറാനെതിരെ പെട്ടെന്ന് യുദ്ധം പ്രഖ്യാപിച്ച ട്രംപിന് അതിന് ശേഷമുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ച് കൃത്യമായൊരു ‘പ്ലാൻ ബി’ ഉണ്ടായിരുന്നില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഒബാമയുടെ കാലത്തെ ആണവക്കരാർ തകർത്ത ട്രംപ് ഇപ്പോൾ ഇറാനെ വീണ്ടും ആണവായുധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ അവരുടെ പുതിയ നേതാവിന്റെ മുൻപിൽ അനുനയത്തിന്റെ വഴി തേടേണ്ട അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. യുദ്ധം കൊണ്ട് അമേരിക്കക്ക് ഒന്നും ശാശ്വതമായി നേടാനായില്ലെന്ന് ഈ പിന്മാറ്റം തെളിയിക്കുന്നു.

തുടക്കത്തിൽ ഇറാൻ പൂർണമായി കീഴടങ്ങണം എന്ന് വാശിപിടിച്ച ട്രംപ്, ഇപ്പോൾ ഇറാന്റെ നിബന്ധനകൾക്ക് വഴങ്ങുന്നത് അമേരിക്കയുടെ പരാജയമായി റിപ്പബ്ലിക്കൻ പാർട്ടിയിലുള്ളവർ തന്നെ വിലയിരുത്തുന്നുണ്ട്. ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുകൊടുക്കാനും ഉപരോധങ്ങൾ നീക്കാനും ട്രംപ് തയാറാകുന്നത് ഇറാന്റെ നയതന്ത്ര വിജയമായും കരുതപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIranAyatollah Ali KhameneiDonald TrumpUS Iran WarMojtaba Khamenei
News Summary - From Threats to Direct Engagement: Decoding Trump’s Unpredictable Diplomatic Shift on Mojtaba Khamenei
Next Story