48 മണിക്കൂറിനുള്ളിൽ ഫ്രാൻസിൽ പുതിയ പ്രധാന മന്ത്രിയെ നിയമിക്കും
text_fieldsപാരീസ്: രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ പുതിയ പ്രധാന മന്ത്രിയെ നിയമിക്കാനൊരുങ്ങി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. പ്രസിഡന്‍റിന്‍റെ അടുത്ത അനുയായി ലെകോർണു പ്രധാന മന്ത്രി പദവിയിൽ നിന്നും അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടർന്നുള്ള രാഷ്ട്രീയ പ്രതിസന്ധിയിലാണ് ഫ്രാൻസ്. അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. പ്രസിഡൻസി നേരിടുന്ന ഏറ്റവും മോശമായ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒരു വഴി കണ്ടെത്താനുള്ള പുതിയ ശ്രമമാണിതെന്നും ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.
രാജിവെച്ച മുൻ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു പ്രതിപക്ഷ നേതാക്കളുമായും സഖ്യകക്ഷികളുമായും നടത്തിയ അവസാനഘട്ട ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. ഫ്രാൻസിൽ രണ്ടുവർഷത്തിനുള്ളിൽ അധികാരത്തിൽനിന്ന് പുറത്താകുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ലെകോർണു. രണ്ട് ദിവസം നീണ്ടുനിന്ന ചർച്ചകളിലൂടെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ലെകോർണു നടത്തിയ പ്രവർത്തനങ്ങൾക്ക് മാക്രോൺ നന്ദി രേഖപ്പെടുത്തി.
ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭരണമായിരുന്നു ലെകോർണുവിന്‍റേത്. അധികാരമേറ്റെടുത്ത് 14 മണിക്കൂറിനുള്ളിൽ അദ്ദേഹം രാജിവെച്ചു. ലെകോർണു പുറത്തിറക്കിയ മന്ത്രിസഭാ പട്ടികയിൽ മുൻ ഭരണത്തിലെ പലരും ഉൾപ്പെട്ടത് ഇരു പക്ഷങ്ങളിൽ നിന്നും ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലെകോർണു രാജിവെച്ചത്. എന്നാൽ പുതിയ മന്ത്രിസഭയെക്കുറിച്ച് ധാരണയിലെത്താൻ മാക്രോണിന്‍റെ ആവശ്യപ്രകാരം 48 മണിക്കൂർ ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പ്രസിഡന്‍റിന്‍റെ തീരുമാനത്തെ നിരവധി രാഷ്ട്രീയ നേതാക്കൾ എതിർത്തിരുന്നു. ഫ്രാൻസിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരത്തെ തന്നെ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഫ്രാൻസിൽ തീവ്ര വലതുപക്ഷത്തിന്‍റെ സ്വാധീനം വർധിച്ചതിനെത്തുടർന്ന് മാക്രോൺ കഴിഞ്ഞ വർഷം അടിയന്തര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഫ്രഞ്ച് പാർലമെന്‍റ് ഭിന്നിച്ച് ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലെത്തി.
ഭരണത്തിന് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഫ്രാൻസിന്‍റെ വർധിച്ചുവരുന്ന കടക്കെണി പരിഹരിക്കാനുള്ള നിർണ്ണായക ബഡ്ജറ്റ് പാസാക്കാൻ പാർലമെന്‍റിന് കഴിഞ്ഞിട്ടില്ല. അതേസമയം ചെലവുചുരുക്കലിന് നിർദേശിക്കപ്പെട്ട നടപടികൾ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
മാക്രോണിന്‍റെ ഗ്രൂപ്പ് പിളർന്നുകൊണ്ടിരിക്കുകയാണെന്നും പുതിയ സർക്കാറിന് നിയമസാധുതയില്ലെന്നും ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടി നേതാവും പാർലമെന്‍റിൽ സ്വിങ് വോട്ടിന് സാധ്യതയുള്ളയാളുമായ ഒലിവിയർ ഫൗറെ ആരോപിച്ചു. അത്യപൂർവമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഫ്രാൻസ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

