‘നിങ്ങളുടെ മുതലക്കണ്ണീർ അവസാനിപ്പിക്കൂ’; ഫ്രഞ്ച് മന്ത്രിക്ക് ഇറാൻ വിദേശകാര്യ മന്ത്രിയുടെ മറുപടി
text_fieldsതെഹ്റാൻ: മനുഷ്യാവകാശ വിഷയത്തിൽ ഇറാനെ വിമർശിച്ച ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഫ്രാൻസിന്റെ അൽജീരിയൻ കൊളോണിയൽ ചരിത്രവും മിനാബിലെ സ്കൂളിന് നേരെയുണ്ടായ യുഴഎസ് ആക്രമണവും ചൂണ്ടിക്കാട്ടിയാണ് അരാഗ്ചി വിമർശനത്തിന് മറുപടി നൽകിയത്.
ശനിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അരാഗ്ചി ഫ്രാൻസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. അൽജീരിൻ സ്വാതന്ത്ര്യസമരകാലത്ത് 15 ലക്ഷം അൽജീരിയക്കാർ കൊല്ലപ്പെട്ടുവെന്നും എന്നാൽ ഫ്രാൻസ് ഔദ്യോഗികമായി രേഖപ്പെടുത്തിയ മരണസംഖ്യ ഇതിന്റെ പത്തിലൊന്നിൽ താഴെയാണെന്നും അദ്ദേഹം ആരോപിച്ചു. കൊളോണിയൽ കാലത്തെ കുറ്റകൃത്യങ്ങൾക്ക് ഫ്രാൻസ് ഇതുവരെ മാപ്പുപറഞ്ഞിട്ടില്ലെന്നും അരാഗ്ചി പറഞ്ഞു.
‘നിങ്ങളുടെ മുതലക്കണ്ണീർ അവസാനിപ്പിക്കൂ’ എന്നായിരുന്നു ബറോയെ അഭിസംബോധന ചെയ്ത് അരാഗ്ചിയുടെ പ്രതികരണം. ഇറാനിലെ സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ട യുഎസ് ആക്രമണത്തിന് പിന്നാലെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി മൗനം പാലിച്ചെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ തെഹ്‌റാനിലെ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഭാഷാ പഠന കേന്ദ്രം ഇറാൻ അധികൃതർ പൂട്ടി മുദ്രവെച്ചു. സംഭവത്തെ ശക്തമായി അപലപിച്ച ഫ്രാൻസ്, പാരീസിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തുമെന്നും ഉചിതമായ രീതിയിൽ തിരിച്ചടി നൽകുമെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഐക്യരാഷ്ട്രസഭയിൽ വച്ച് കൂടിക്കാഴ്ച നടത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കുന്ന ഈ നീക്കമുണ്ടായിരിക്കുന്നത്.
പ്രത്യേക ലൈസൻസില്ലാതെ വർഷങ്ങളായി പ്രവർത്തിച്ചുവന്ന കേന്ദ്രം കേവലം ഭാഷാ പഠനത്തിനപ്പുറം മറ്റ് പല പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നുവെന്നാണ് ഇറാനിയൻ അധികൃതരുടെ ആരോപണം. ഇറാനിലെ സാംസ്‌കാരിക മൂല്യങ്ങൾക്കും രാജ്യസുരക്ഷക്കും ഭീഷണിയാകുന്ന രീതിയിൽ സ്വന്തം ശൃംഖലകൾ വ്യാപിപ്പിക്കാനും, വിദഗ്ധരായ ഇറാനിയൻ പൗരന്മാരെ വിദേശത്തേക്ക് കടക്കാൻ സഹായിക്കാനും ഈ കേന്ദ്രം വഴിയൊരുക്കിയതായി തെഹ്‌റാൻ പ്രോസിക്യൂട്ടറുടെ ഓഫീസിനെ ഉദ്ധരിച്ച് 'തസ്നിം' വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാന്റെ ആരോപണങ്ങളെ തള്ളിയ ഫ്രാൻസ്, ഈ നടപടി തികച്ചും അന്യായവും അംഗീകരിക്കാനാവാത്തതുമാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന നയതന്ത്ര തർക്കങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ സംഭവവികാസങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

