ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പുതിയ മന്ത്രിസഭയെ നിയമിച്ച് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി രാജിവെച്ചു
text_fieldsസെബാസ്റ്റ്യൻ ലെകോർണു
പാരീസ്: ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവെച്ചു. ഫ്രാൻസിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം നൽകി മണിക്കൂറുകൾക്കകമാണ് രാജി. പ്രസിഡന്റിനാണ് രാജി സമർപ്പിച്ചത്. പ്രസിഡന്റ് രാജി സ്വീകരിക്കുകയും ചെയ്തുവെന്ന് ദ എലീസീസ് പ്രസ് ഓഫിസ് അറിയിച്ചു.
ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അടുത്ത അനുയായി ആണ് ലെകോർണു. വിവിധ രാഷ്ട്രീയപാർട്ടികളുമായി ആഴ്ചകളോളം ചർച്ചകൾ നടത്തിയതിന് ശേഷമാണ് ഇദ്ദേഹം ഞായറാഴ്ച പുതിയ മന്ത്രിസഭയെ നിയമിച്ചത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ ആദ്യ യോഗം ചേരാനിരിക്കുകയായിരുന്നു. ഒരുമാസം മുമ്പാണ് ലെകോർണുവിനെ മാക്രോൺ പ്രധാനമന്ത്രിയായി നിയമിച്ചത്.
ഞായറാഴ്ച, മാക്രോൺ വലിയ മാറ്റമില്ലാത്ത മന്ത്രിസഭക്ക് നാമനിർദേശം നൽകിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും സ്വന്തം അനുയായികളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. മാക്രോണിന്റെ ഗ്രൂപ്പ് പിളർന്നുകൊണ്ടിരിക്കുകയാണെന്നും പുതിയ സർക്കാറിന് നിയമസാധുതയില്ലെന്നും ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടി നേതാവും പാർലമെൻറിൽ സ്വിങ് വോട്ടിന് സാധ്യതയുള്ളയാളുമായ ഒലിവിയർ ഫൗറെ ആരോപിച്ചു. അത്യപൂർവമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഫ്രാൻസ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി (സ്വതന്ത്രൻ) ബന്ധമില്ലാത്തതോ പാർട്ടി പരിധിക്കപ്പുറം വോട്ട് ചെയ്യുന്നതോ ആയ വോട്ടർമാരെയാണ് സ്വിങ് വോട്ടർ എന്നുപറയുന്നത്.
ഫ്രാൻസിൽ രണ്ടുവർഷത്തിനുള്ളിൽ അധികാരത്തിൽനിന്ന് പുറത്താകുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ലെകോർണു. വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. രണ്ടു പൊതുഅവധിദിനങ്ങൾ റദ്ദാക്കുന്നതുൾപ്പെടെ ചെലവുചുരുക്കലിനുള്ള വിവാദ പദ്ധതികൾ മുന്നോട്ടുവച്ചതാണ് ഇദ്ദേഹത്തിനെതിരെ ജനരോഷം രൂക്ഷമാകാൻ കാരണം. ഫ്രാൻസിന്റെ കടബാധ്യതയ്‌ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ ചെലവുചുരുക്കൽ പദ്ധതിയാണ് ബെയ്റോയുടെ പുറത്താകുന്നതിലേക്ക് നയിച്ചത്.
2027 വരെയാണ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

