ഫ്രാൻസ് ശാന്തമാകുന്നില്ല; മാക്രോൺ രാജിവെക്കുമോ? പുതിയ പ്രധാനമന്ത്രി വന്നിട്ടും പ്രതിഷേധക്കാർ തെരുവിൽ തന്നെ
text_fieldsപാരീസ്: വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാൻസിൽ രാജ്യവ്യാപക പ്രതിഷേധം. പാരീസിലും മറ്റ് നഗരങ്ങളിലും പ്രകടനക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും റോഡുകൾ അടക്കുകയും ചെയ്തു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാറിനുമെതിരായ പൊതുജന രോഷം രൂക്ഷമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. 200ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.
പ്രതിഷേധക്കാർ ബാരിക്കേഡുകൾ കത്തിക്കുകയും ഇവരെ നേരിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. റെന്നസിൽ ഒരു ബസ് കത്തിച്ചതായും വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ ഭാഗത്തെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതായും ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിൽലോ പറഞ്ഞു. പ്രതിഷേധക്കാർ കലാപത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധക്കാരെ നേരിടാൻ മാക്രോൺ സർക്കാർ രാജ്യത്തുടനീളം 80,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാർ വിവിധ പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും തീയിടുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്തു. പ്രധാന പാതകളിൽ യാത്രാതടസ്സങ്ങൾ ഉണ്ടെന്ന് യാത്രക്കാർ റിപ്പോർട്ട് ചെയ്യുന്നു. 'ബ്ലോക് എവരിതിങ്' മൂവ്മെന്‍റിന്‍റെ ഭാഗമായാണ് പ്രതിഷേധം നടക്കുന്നത്.
ഫ്രാന്‍സിന്റെ കടബാധ്യതക്ക് പരിഹാരം കാണാനുള്ള ചെലവുചുരുക്കൽ നടപടികളോടുള്ള രോഷമാണ് പ്രതിഷേധങ്ങളുടെ കാതൽ. അവധി ദിവസങ്ങൾ ഒഴിവാക്കിയും പെൻഷനുകളും ക്ഷേമ പേയ്‌മെന്റുകളും മരവിപ്പിച്ചും മറ്റ് വെട്ടിക്കുറക്കലുകൾ അവതരിപ്പിച്ചും പൊതുചെലവ് കുറക്കാനുള്ള ഫ്രാന്‍സ്വ ബെയ്‌റോയുടെ പദ്ധതി തൊഴിലാളികളിലും യൂനിയനുകളിലും രോഷം ജനിപ്പിച്ചിരുന്നു.
ഈ നടപടികൾ താഴ്ന്ന, ഇടത്തരം വരുമാനമുള്ള പൗരന്മാരെ ലക്ഷ്യമിടുന്നുവെന്ന് പലരും വാദിക്കുന്നു. പൊതു അവധി ദിനങ്ങൾ വെട്ടിക്കുറക്കുകയും പെൻഷനുകൾ മരവിപ്പിക്കുകയും ഉൾപ്പെടെയുള്ള കടുത്ത സാമ്പത്തിക നടപടികൾ ബെയ്‌റോ പ്രഖ്യാപിച്ചിരുന്നു. ഒമ്പത് മാസം മാത്രമാണ് അദ്ദേഹം അധികാരത്തിലുണ്ടായിരുന്നത്.
പിന്നീട്, മാക്രോൺ തന്റെ വിശ്വസ്ത പ്രതിരോധ മന്ത്രിയായ സെബാസ്റ്റ്യൻ ലെകോർണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. 12 മാസത്തിനിടെ ഫ്രാൻസ് ഭരിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണിത്. ഭരണതലത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഫ്രാൻസിലെ രാഷ്ട്രീയ അസ്ഥിരതയെ അടിവരയിടുന്നു. ലെകോർണുവിന്റെ നിയമനത്തിന് ശേഷവും തുടരുന്ന പ്രതിഷേധങ്ങൾ മാക്രോണിനുള്ള രാഷ്ട്രീയ വെല്ലുവിളി കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
മറ്റൊരു വിശ്വസ്തനെ തെരഞ്ഞെടുത്തതിലൂടെ വോട്ടർമാരുടെ ആശങ്ക പ്രസിഡന്റ് അവഗണിച്ചുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. രാജ്യത്ത് സാമൂഹിക അശാന്തിയും പ്രതിസന്ധിയും ഉണ്ടാകാനുള്ള സാധ്യത അദ്ദേഹം വർധിപ്പിക്കുന്നുവെന്ന് സോഷ്യലിസ്റ്റ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

