ട്രംപിന്റെ നൊബേൽ മോഹം ഇൻഫന്റിനോ അറിഞ്ഞു; പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റിന് സമ്മാനിക്കും
text_fieldsഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ
വാഷിങ്ടൺ: സമാധാന നൊബേൽ പുരസ്കാരത്തിനായി ചോദിച്ചു നടന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മനസ്സറിഞ്ഞ് ഫിഫയുടെ പുരസ്കാരം. ലോകഫുട്ബാൾ ഭരണസമിതിയായ ഫിഫ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫിഫ പീസ് പ്രൈസ്’ അമേരിക്കൻ പ്രസിഡന്റിന് സമ്മാനിക്കും. വെള്ളിയാഴ്ച രാത്രിയിൽ വാഷിങ്ടൺ ഡി.സിയിലെ ലോകകപ്പ് നറുക്കെടുപ്പ് വേദിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കും.
അമേരിക്കൻ പ്രസിഡന്റായി രണ്ടാം തവണയും സ്ഥാനമേറ്റത് മുതൽ ലോകസമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് യഥാർത്ഥ അവകാശി താനാണെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ലോകത്തെ വിവിധ യുദ്ധങ്ങൾ അവസാനിപ്പിക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതതിന്റെ അംഗീകാരമായി സമാധാന നൊബേൽ വേണമെന്നായിരുന്നു ട്രംപിന്റെയും അനുയായികളുടെയും അവകാശവാദം. എന്നാൽ, കഴിഞ്ഞ നൊബേൽ പുരസ്കാര പ്രഖ്യാപനത്തിൽ ട്രംപിനെ പരിഗണിച്ചില്ല.
ഇതിനിടയിലാണ് ലോകകപ്പിന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിനിടെ ട്രംപിന് ഫിഫ സമാധാന പുരസ്കാരം സമ്മാനിക്കുന്നത്. ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോയും ഡോണൾഡ് ട്രംപും തമ്മിലെ ഉറ്റ സൗഹൃദത്തിന്റെ തുടർച്ചയാണ് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന്റെ പ്രഥമ സമാധാന പുരസ്കാരം ഡോണൾഡ് ട്രംപിന് സമ്മാനിക്കുന്നതിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷങ്ങൾ അവസാനിപ്പിക്കാനും, വിവിധ രാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കാനുമുള്ള ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. അദ്ദേഹത്തിനുള്ള ആദരവാണ് ഫിഫയുടേത് -പ്രസിഡന്റ് ഇൻഫന്റിനോ പറഞ്ഞു.
ലോക സമാധാനത്തിനു വേണ്ടിയാണ് ഫുട്ബാൾ നിലകൊള്ളുന്നത്. ഫുട്ബാൾ ലോകത്തെ ഒന്നിപ്പിക്കുന്നതാണ് ഫിഫ സമാധാന പുരസ്കാരം. ഭാവി തലമുറകൾക്ക് പ്രതീക്ഷ നൽകുന്ന, ജനങ്ങളെ ഒന്നിപ്പിക്കുന്ന വ്യക്തികളുടെ മഹത്തായ പരിശ്രമങ്ങളെ ഇതുവഴി അംഗീകരിക്കുന്നു -ഫിഫ കുറിച്ചു.
എല്ലാ വർഷങ്ങളിലുമായി ഫിഫ നൽകുന്ന സമാധന പുരസ്കാരം ഇത്തവണ പ്രസിഡന്റ് ഇൻഫന്റിനോ സമ്മാനിക്കും. വെള്ളിയാഴ്ച രാത്രിയിലെ നറുക്കെടുപ്പ് വേദിയിലാവും പുരസ്കാര ജേതാവിന്റെ ഔദ്യോഗിക പ്രഖ്യാപനം.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഉൾപ്പെടെലോകത്തെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്നായിരുന്നു ട്രംപിന്റെ ആവർത്തിച്ചു അവകാശവാദം. എന്തുകൊണ്ടും നൊബേൾ സമാധാന പുരസ്കാരത്തിന് താനാണ് അർഹനെന്നും അദ്ദേഹം വാദിച്ചു. ഇതു തള്ളിയായിരുന്നു നൊബേൽ പുരസ്കാര സമിതി കഴിഞ്ഞ അവാർഡിന് വെനിസ്വേലൻ രാഷ്ട്രീയ നേതാവ് മരിയ കൊറിന മചാഡോയെ തെരഞ്ഞെടുത്തത്. ഇതിനോട് ട്രംപ് നീരസവും രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഫിഫ സമാധാന പുരസ്കാരം ഫിഫ കൗൺസിലിലോ മറ്റോ ആചോലിക്കാതെയാണ് ഇൻഫന്റിനോ പ്രഖ്യാപിച്ചതെന്നും വിവാദമുണ്ടായിരുന്നു. എന്തുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിഫ സമാധാന പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന ചോദ്യങ്ങളുമായി ഹ്യൂമൻറൈറ്റ്സ് വാച്ചും കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. നവംബർ 20ന് മുമ്പ് മറുപടി നൽകണം എന്നാവശ്യപ്പെട്ടുള്ള ചോദ്യത്തിന് ഫിഫ ഇതുവരെ മറുപടിയും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

