Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അവർ നമ്മെ സംരക്ഷിക്കുന്നു’; ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന രാജ്യദ്രോഹവും പാകിസ്താൻ അനുകൂലവുമെന്ന് ബി.ജെ.പി

text_fields
bookmark_border
‘അവർ നമ്മെ സംരക്ഷിക്കുന്നു’; ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന രാജ്യദ്രോഹവും പാകിസ്താൻ അനുകൂലവുമെന്ന് ബി.ജെ.പി
cancel

ശ്രീനഗർ: കശ്മീരികളുടെ താൽപര്യങ്ങളും വ്യക്തിത്വവും സംരക്ഷിക്കുന്നതിൽ പാകിസ്താൻ നിർണായക പങ്കുവഹിക്കുന്നുവെന്ന നാഷനൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ പരാമർശത്തിനെതിരെ ബി.ജെ.പി. കശ്മീരിന്റെ പ്രശ്നം അന്താരാഷ്ട്ര വേദികളിൽ പാകിസ്താൻ ഉന്നയിക്കുന്നതിനാലാണ് മേഖലയുടെ പ്രശ്നങ്ങൾ ലോകശ്രദ്ധയിലെത്താൻ കാരണമെന്നും ഇന്ത്യൻ സർക്കാറിന്റെ ഉദ്ദേശ്യങ്ങൾ കശ്മീരികൾക്ക് അനുകൂലമല്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ബി.ജെ.പി നേതാക്കൾ ഫാറൂഖ് അബ്ദുല്ലയുടെ പരാമർശം രാജ്യദ്രോഹമാണെന്ന് ആരോപിക്കുകയും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ശനിയാഴ്ച വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ നടന്ന നാഷനൽ കോൺഫറൻസിന്റെ പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുല്ല. കശ്മീർ പ്രശ്നം പരിഹരിച്ചില്ലെന്ന് പാകിസ്താൻ വിവിധ അന്താരാഷ്ട്ര വേദികളിൽ നിരന്തരം ഉന്നയിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായുണ്ടാകുന്ന സമ്മർദം മൂലമാണ് ഇന്ത്യ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'ലോകത്ത് ഇക്കാര്യത്തിൽ വലിയ ചർച്ചകൾ നടക്കുന്നതിനാലാണ് അവർ ഇന്ന് മൗനം പാലിക്കുന്നത്. നമ്മുടെ അയൽരാജ്യമായ പാകിസ്താൻ എല്ലാ വേദികളിലും പോയി കശ്മീർ പ്രശ്നം പരിഹരിച്ചില്ലെന്ന് പറയുന്നു. അവർ നമ്മളെ സംരക്ഷിക്കുകയാണ്. അല്ലാത്തപക്ഷം, ഇന്ത്യയുടെ ഉദ്ദേശ്യങ്ങൾ ശരിയല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഫാറൂഖ് അബ്ദുല്ലയുടെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കൾ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്താനെ കശ്മീരികളുടെ സംരക്ഷകരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ ആരോപിച്ചു.

ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ രവീന്ദർ റെയ്ന, ഫാറൂഖ് അബ്ദുല്ലയുടെ പരാമർശം അപലപനീയവും ദൗർഭാഗ്യകരവുമാണെന്ന് അറിയിച്ചു. പാകിസ്താൻ കശ്മീരിലെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയിട്ടുണ്ടെന്നും അത്തരമൊരു രാജ്യത്തെ കശ്മീരികളുടെ സംരക്ഷകരായി വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും റെയ്ന ആവശ്യപ്പെട്ടു.

ബി.ജെ.പി ദേശീയ വക്താവ് ആർ.പി. സിങ്ങും ഫാറൂഖ് അബ്ദുല്ലയുടെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തി. അതിർത്തിപ്രദേശങ്ങളിലുള്ള കശ്മീരികളുടെ അവസ്ഥ പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് ജമ്മു കശ്മീർ ഇന്ത്യയുമായി കൂടുതൽ സംയോജിച്ചതെന്നും വിനോദസഞ്ചാരികളുടെ വരവ് മേഖലയിലെ സാമ്പത്തിക പുരോഗതിയുടെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംഭവത്തിൽ പ്രതികരിച്ച ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കപിൽ സിങ്, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടായിരിക്കാമെന്നാണ് അറിയിച്ചത്. അതേസമയം, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും പാകിസ്താനെയോ മറ്റേതെങ്കിലും വിദേശരാജ്യത്തെയോ ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാത്തതിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നും കേന്ദ്ര സർക്കാർ സംസ്ഥാന പദവി തിരികെ നൽകണമെന്നും കപിൽ സിങ് ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Demands Action Against Farooq Abdullah
Next Story