ഇറാൻ പിടികൂടിയ ബ്രിട്ടീഷ് എണ്ണക്കപ്പലിൽ 18 ഇന്ത്യക്കാർ
text_fieldsലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടികൂടിയ ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനോ എംപറോയിൽ 18 ഇന്ത്യക്കാർ. ഇവരെ സുര ക്ഷിതമായി വിട്ടുകിട്ടാൻ ഇറാൻ ഗവർമെന്‍റുമായി ബന്ധപ്പെടുകയാണെന്ന് അധികൃതർ അറിയിച്ചു.
18 ഇന്ത്യക്കാർ ഉൾപ്പ ടെ 23 പേരാണ് ബ്രിട്ടീഷ് പതാകയേന്തിയ എണ്ണക്കപ്പലിൽ ഉള്ളത്. 19ന് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് സ്റ്റെനോ എംപറോ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടികൂടിയതെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന അറിയിച്ചു.
സംഭവത്തിന്‍റെ വിശദാംശങ്ങൾ അന്വേഷിക്കുകയാണെന്നും കപ്പലിലെ ഇന്ത്യക്കാരെ എത്രയും നേരത്തെ സുരക്ഷിതരായ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.
ചെറിയ കപ്പലുകളും ഹെലികോപ്ടറുകളും എത്തിയാണ് സ്റ്റെനോ എംപറോ പിടിച്ചെടുത്തതെന്ന് കപ്പലിന്‍റെ ഉടമസ്ഥരായ സ്വീഡിഷ് കമ്പനി സ്റ്റെന ബൾക്കിന്‍റെ വക്താക്കൾ പറഞ്ഞു. ഇപ്പോൾ കപ്പലുമായി തങ്ങൾക്ക് ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഇറാൻ അപകടകരമായ കളിയാണ് കളിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് മുന്നറിയിപ്പ് നൽകി. കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം വേണം. തങ്ങളുടെ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണ വിതരണവുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും പ്രാധാന്യമേറിയ കപ്പൽ പാതയാണ് ഹോർമുസ് കടലിടുക്കിലേത്. ഇതുവഴിയുള്ള കപ്പലുകൾ പിടിച്ചടക്കുന്ന ഇറാന്‍റെ നടപടി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, കപ്പൽ തങ്ങളുടെ നിയന്ത്രണത്തിലുണ്ടെന്നും പരിശോധന പൂർത്തിയായ ശേഷം മാത്രമേ വിട്ടുനൽകുകയുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി.