മതനിന്ദ: ആസിയ ബീബിക്ക് താൽകാലിക അഭയമെന്ന് ഡച്ച് സർക്കാർ
text_fieldsആംസ്റ്റർഡാം: പാകിസ്താനിൽ മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് സുപ്രീംകോടതി കുറ്റമുക്തയാക്കുകയും ചെയ്ത ക്രിസ്ത്യൻ വനിത ആസിയ ബീബിക്ക് താൽകാലിക അഭയം നൽകുമെന്ന് ഡച്ച് സർക്കാർ. നെതർലാൻഡിലാവും അഭയം നൽകുകയെന്നും അധികൃതർ അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
എട്ടു വർഷമായി മുൾട്ടാനിലെ വനിതകൾക്കായുള്ള ജയിലിൽ ഏകാന്ത തടവിൽ കഴിയുകയായിരുന്ന ആസിയ ബുധനാഴ്ചയാണ് ജയിൽ മോചിതയായത്. ശേഷം ഇവരെ റാവൽ പിണ്ടിയിലെ നുർ ഖാൻ എയർബേസിൽ നിന്നും പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ നെതർലാൻഡിലേക്ക് കടത്തിയതായി പാക് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.
2010ലാണ് നാലു മക്കളുടെ അമ്മയായ ആസിയയെ ലാഹോർ കോടതി വധശിക്ഷക്കു വിധിച്ചത്. ഒക്ടോബർ 31ന് സുപ്രീംകോടതി ആസിയയുടെ വധശിക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് ജയിൽ മോചിതയായാൽ രാജ്യം വിടാൻ അനുവദിക്കണമെന്ന് ആസിയയുടെ ഭർത്താവ് ആഷിക് മസീഖ് അപേക്ഷിച്ചിരുന്നു. അഭയം ആവശ്യപ്പെട്ട് യു.എസ്, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ തലവൻമാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് വിവിധ സംഘടനകൾ തെരുവിലിറങ്ങിയ സാഹചര്യത്തിൽ ആസിയ ബീബിക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ സൈഫുൽ മലൂക്കും രാജ്യംവിട്ടിരുന്നു.
