ഇറാൻ സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂനിയൻ; വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ഇറാൻ
text_fieldsഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ.ആർ.ജി.സി) തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂനിയൻ (ഇ.യു). ഇറാനിലെ ജനങ്ങളുടെ പ്രതിഷേധങ്ങളെ വൻതോതിൽ അടിച്ചമർത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
സ്വന്തം ജനങ്ങളുടെ പ്രതിഷേധങ്ങളെ രക്തത്തിൽ അടിച്ചമർത്തുന്ന ഭരണകൂടത്തെയാണ് ഭീകരൻ എന്ന് വിളിക്കുന്നതെന്ന് ഇ.യു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സൈന്യത്തിന്‍റെ ശക്തമായ വിഭാഗമാണ് ഐ.ആർ.ജി.സി. ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണം, വിദേശ പ്രവർത്തനങ്ങൾ എന്നിവയിലും ഐ.ആർ.ജി.സി വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഇതിന് പുറമേ ഇറാന് പുതിയ ഉപരോധങ്ങൾ കൂടി ഇ.യു പ്രഖ്യാപിച്ചു. 21 ഇറാനിയൻ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രി, പ്രോസിക്യൂട്ടർ ജനറൽ, പ്രാദേശിക ഐ.ആർ.ജി.സി കമാൻഡർമാർ എന്നിവരുൾപ്പെടെയുള്ളവർക്കും യൂറോപ്പിലേക്ക് വിസ വിലക്ക് ഏർപ്പെടുത്തി. ഇവരുടെ ആസ്തികൾ മരവിപ്പിക്കുകയും ചെയ്തു.
ഇ.യുവിന്‍റെ നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂനിയന്റേത് യുക്തിരഹിതവും നിരുത്തരവാദപരവും വെറുപ്പു നിറഞ്ഞ നടപടിയെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു. ഇറാന്റെ എതിരാളികളായ അമേരിക്കക്കും ഇസ്രായേലിനും വേണ്ടി നടത്തിയ പ്രവൃത്തിയാണെന്നും വിമർശിച്ചു.
ഇതിനിടെ യു.എസുമായി ആണവ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

