ചർച്ചാ നാടകത്തിനൊടുവിൽ ‘എപിക് ഫ്യൂറി’; ഖാംനഈയെ വീഴ്ത്തിയതിങ്ങനെ...
text_fieldsആയത്തുല്ല അലി ഖാംനഈ
തെഹ്റാൻ: സർവസംഹാരിയായ യുദ്ധം ഉറപ്പിച്ച് നടത്തിയ ചർച്ചാ നാടകം വ്യാഴാഴ്ച പൊളിഞ്ഞതിൽ പിന്നെ ഇറാനിൽ യു.എസ്- ഇസ്രായേൽ സൈനിക നീക്കം ലോകം ഉറപ്പിച്ചതാണ്. എന്നാലും, അത് ഇറാന്റെയെന്നല്ല, ശിയാ സമൂഹത്തിന്റെ മൊത്തത്തിലും ഒന്നാമനെതന്നെ ലക്ഷ്യമിട്ടാകും തുടക്കമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല. ട്രംപിനും നെതന്യാഹുവിനും പക്ഷേ, ലക്ഷ്യം കുറേക്കൂടി വിശാലമായ ചിലതായിരുന്നു. ഇറാൻ നേതൃത്വത്തിലെ പ്രമുഖരെ ഇല്ലാതാക്കി തുടക്കം കുറിക്കുന്ന യുദ്ധം മേഖലയൊന്നാകെ പടർന്നുപിടിച്ചാൽ സാധ്യമാകുന്ന ഇനിയും വ്യക്തതവരാത്ത വലിയ നേട്ടങ്ങൾ. അതിനായി നടത്തിയതാകട്ടെ, അതിരഹസ്യവും സൂക്ഷ്മവുമായ ‘ഓപറേഷൻ’.
ട്രാക്കിങ്
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സി.ഐ.എ തന്നെയാണ് ഇറാൻ നേതാക്കൾ ഓരോരുത്തരും എവിടെയെന്ന് കണ്ടെത്തുന്നതിൽ നേതൃത്വം നൽകിയത്. മാസങ്ങളെടുത്തായിരുന്നു ഈ ഓപറേഷൻ. ഇതിനായി അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ആളുകളും തെഹ്റാനിലും ആകാശത്തുമായി കറങ്ങിനടന്നു. ഖാംനഈ നയിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം നടക്കുന്നുവെന്ന അറിവാണ് നിർണായകമായത്. റവലൂഷനറി ഗാർഡ്സ് തലവൻ, പ്രതിരോധമന്ത്രി, സൈനിക മേധാവി എന്നിവർകൂടി പങ്കെടുക്കുന്നതായിരുന്നു യോഗം.
കൃത്യം ആക്രമണം
ശനിയാഴ്ച വൈകുന്നേരമായിരുന്നു യോഗം തീരുമാനിച്ചത്. എന്നാൽ, അത് പുലർച്ച ചേരുകയാണെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞു. ട്രംപുമായി വിശദമായ ആശയവിനിമയങ്ങളും നടന്നു. തൊട്ടുമുമ്പ് മുൻ പ്രതിരോധമന്ത്രി ശംഖാനിയും ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. പിറകെ, ഖാംനഈയുടെ ഓഫിസിൽ പ്രമുഖർ സംഗമിച്ച സമയത്ത് യു.എസ്, ഇസ്രായേൽ വ്യോമസേനകളും നാവികസേനകളും പങ്കെടുത്തായിരുന്നു വൻ ആക്രമണം. കെട്ടിടംതന്നെ സമ്പൂർണമായി ബോംബിങ്ങിൽ തകർന്നു.
അത്യുഗ്രൻ ആയുധങ്ങൾ
ടോമഹോക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, എഫ്/എ 18, എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയായിരുന്നു ആക്രമണത്തിൽ ഉപയോഗിച്ചത്. കഴിഞ്ഞ ജൂണിൽ ഇറാൻ ആണവ നിലയങ്ങൾ ലക്ഷ്യമിട്ടത് 125ലേറെ യുദ്ധവിമാനങ്ങൾ ഒന്നിച്ചായിരുന്നു എന്ന് ചേർത്തുവായിക്കണം.
സ്ഥിരീകരണം ട്രംപ്
തൊട്ടുപിറകെ, ഖാംനഈ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് നെതന്യാഹുവും ട്രംപും സൂചന നൽകി. മണിക്കൂറുകൾ കഴിഞ്ഞ് ട്രംപ് പ്രഖ്യാപനവും നടത്തി. അപ്പോഴും മൗനം തുടർന്ന ഇറാന്റെ സ്ഥിരീകരണമെത്തുന്നത് ഞായറാഴ്ച പുലർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

