‘റിപ്പബ്ലിക്കൻസും ഡെമോക്രേറ്റുകളും അല്ലാത്ത ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സമയമായില്ലേ’? ഇലോൺ മസ്കിന്റെ പാർട്ടി രൂപീകരണം, അഭിപ്രായസർവേ തുടങ്ങി
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഗുരുതര അഭിപ്രായഭിന്നതകൾക്ക് പിന്നാലെ സ്പേസ് എക്സ് ചെയർമാനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് മസ്‌ക് എക്സിൽ അഭിപ്രായസർവേക്ക് തുടക്കം കുറിച്ചു. ‘റിപ്പബ്ലിക്കൻസും ഡെമോക്രേറ്റുകളും അല്ലാത്ത, 80 ശതമാനം വരുന്ന ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സമയമായില്ലേ’ എന്നതാണ് സർവേക്കൊപ്പം മസ്‌ക് ഉന്നയിച്ച ചോദ്യം.
അമേരിക്കൻ പ്രസിഡൻ്റുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ഗുരുതര ആരോപണങ്ങൾ മസ്‌ക് ട്രംപിനെതിരെ ഉന്നയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ്റ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും വൈസ് പ്രസിഡന്റ് ജെഡി വാൻസ് പകരം വരണമെന്നുമാണ് എക്സിലൂടെ മസ്ക് ആവശ്യപ്പെട്ടത്. വിവാദമായ ബാലപീഡന പരമ്പരയായ എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേര് ഉണ്ടെന്നും അതുകൊണ്ടാണ് അന്വേഷണത്തിന്റെ വിശദാംശങ്ങളും കണ്ടെത്തലുകളും പരസ്യമാക്കാത്തതെന്നും മസ്‌ക് ആരോപിച്ചിരുന്നു. എക്സിലെ പോസ്റ്റിലാണ് ഇലോൺ മസ്കിന്റെ ആരോപണം. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യു.എസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് എപ്സ്റ്റീൻ കേസ്.
‘വലിയ ബോംബ് ഇടേണ്ട സമയമായി, ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഇലോൺ മസ്ക് എക്സിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു. എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്സ് പോസ്റ്റിൽ ‘ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും’ എന്നും മസ്ക് കുറിച്ചു.
‘ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ’ എതിർത്ത മസ്കിൻ്റെ നിലപാടിൽ നിരാശയുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ച് ഒരു മണിക്കൂറിനകമായിരുന്നു മസ്കിന്റെ എക്സ് കുറിപ്പ്. ഇലോൺ മസ്കിന്റെ ടെസ്‌ലക്ക് നികുതി ഇളവുകൾ നൽകിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ടെസ്‌ല ഓഹരികളിൽ വൻ ഇടിവും നേരിട്ടിരുന്നു. ട്രംപ് അധികാരമേറ്റയുടൻ സർക്കാർ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ ഡോജ് വകുപ്പിന്റെ തലവനായി ഇലോൺ മസ്കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറക്കുന്നത് ഉൾപ്പെടെയുള്ള മസ്കിൻ്റെ നിലപാടുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും മസ്കും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ മസ്ക് ഡോജിന്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

