ഇറാനിലെ ഇന്റർനെറ്റ് വിലക്കിനെ മറികടക്കാൻ ഇലോൺ മസ്‌കിന്റെ 'സൗജന്യ സ്റ്റാർലിങ്ക്' സേവനം
text_fieldsഇലോൺ മസ്‌ക്
തെഹ്‌റാൻ: ആഴ്ചകളായി തുടരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇന്റർനെറ്റ് പൂർണ്ണമായും നിരോധിച്ച ഇറാൻ സർക്കാരിനെതിരെ ഇലോൺ മസ്‌കിന്റെ അപ്രതീക്ഷിത നീക്കം. ഇറാനിലുടനീളം സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം സൗജന്യമായി നൽകാൻ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് (SpaceX) തീരുമാനിച്ചു. ഇതോടെ, സർക്കാരിന്റെ നിയന്ത്രണങ്ങളില്ലാതെ പുറംലോകവുമായി ബന്ധപ്പെടാൻ പ്രതിഷേധക്കാർക്ക് സാധിക്കും.
സ്റ്റാർലിങ്ക് ഉപയോഗിക്കുന്നതിന് നൽകേണ്ട സബ്‌സ്‌ക്രിപ്‌ഷൻ ഫീസാണ് മസ്‌ക് ഒഴിവാക്കിയത്. ഇറാനിൽ നിലവിൽ സ്റ്റാർലിങ്ക് റിസീവറുകൾ കൈവശമുള്ളവർക്ക് ഇനി മുതൽ പണം നൽകാതെ തന്നെ ഹൈ-സ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാം. ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇലോൺ മസ്‌കുമായി സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ നിർണ്ണായക നീക്കം.
ഇറാനിൽ സ്റ്റാർലിങ്ക് ഉപകരണങ്ങൾ കൈവശം വെക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ഏകദേശം 50,000ത്തിലധികം യൂനിറ്റുകൾ ഇതിനോടകം രാജ്യത്തേക്ക് കടത്തപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റഷ്യയുടെയും ചൈനയുടെയും സഹായത്തോടെ സ്റ്റാർലിങ്ക് സിഗ്നലുകൾ ജാം (Jam) ചെയ്യാൻ ഇറാൻ സൈന്യം ശ്രമിക്കുന്നുണ്ടെങ്കിലും, സാങ്കേതിക വിദ്യയിലൂടെ ഇതിനെ പ്രതിരോധിക്കാനാണ് മസ്‌കിന്റെ നീക്കം.
നേരത്തെ യുക്രൈൻ യുദ്ധസമയത്തും വെനിസ്വലയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും സമാനമായ രീതിയിൽ മസ്‌ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകിയിരുന്നു. ഇന്റർനെറ്റ് നിരോധനത്തിലൂടെ പ്രതിഷേധങ്ങളെ ലോകശ്രദ്ധയിൽ നിന്ന് മറച്ചുവെക്കാനുള്ള ഇറാൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് മസ്‌കിന്റെ ഈ ഡിജിറ്റൽ നയതന്ത്രം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈക്കെതിരെ രാജ്യത്തുടനീളമായി ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെയുണ്ടായ സംഘർഷങ്ങളിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

