ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ ഇന്നലെ മാത്രം എട്ടുപേർ കൊല്ലപ്പെട്ടു; രണ്ടുപേർ മരിച്ചത് സുരക്ഷിത മുറികൾക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ, 287 പേർക്ക് പരിക്ക്
text_fieldsതെൽഅവീവ്: ഇറാന്റെ പ്രത്യാക്രമണത്തിൽ ഇന്നലെ മാത്രം ഇസ്രായേലിൽ എട്ടുപേർ കൊല്ലപ്പെട്ടു. തെൽഅവീവിന് സമീപവും ഹൈഫ തുറമുഖ നഗരത്തിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിലാണ് സ്ത്രീകളടക്കം എട്ടുപേർ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ രാജ്യത്ത് മൊത്തം 287 പേർക്ക് പരിക്കേറ്റതായും ഇരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇസ്രായേൽ ആരോഗ്യ മന്ത്രാലയം പറയുന്നു.
തെൽഅവീവിന് സമീപം നടന്ന ആക്രമണത്തിൽ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. ഹൈഫ നഗരത്തിൽ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി. ‘ഇറാൻ മിസൈൽ ആക്രമണത്തിൽ ഇന്നലെ രാത്രി നഗരത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ നിരവധി വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു’ -ഹൈഫ മേയർ യോന യാഹവ് ‘ചാനൽ 12’ നോട് പറഞ്ഞു.
ഇന്നലെ രാത്രി വടക്കൻ ഇസ്രായേലിലും മധ്യ ഇസ്രായേലിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 287 പേർക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പെറ്റാ ടിക്വയിലെ ഷ്‌നൈഡർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച രണ്ടുപേർ ഉൾപ്പെടെ 14 പേർക്ക് സാരമായ പരിക്കുണ്ട്.
അതിനിടെ, പെറ്റാ ടിക്വയിൽ കൊല്ലപ്പെട്ട നാലുപേരിൽ രണ്ടുപേർ സുരക്ഷിത മുറിയിൽ അഭയം തേടിയവരാണെന്ന് ആർമി റേഡിയോയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇറാനിൽനിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് പെറ്റാ ടിക്വയിലെ കെട്ടിടത്തിലെ മിസൈൽ പ്രതിരോധ ശേഷിയുള്ളതായി അവകാശപ്പെടുന്ന റൂം തകർത്ത് രണ്ടുപേരെ കൊലപ്പെടുത്തിയത്. ആക്രമണമുണ്ടായാൽ ഇത്തരം മുറികളിൽ അഭയം തേടാനാണ് ഇസ്രായേൽ പൗരൻമാർക്ക് നിർദേശം നൽകാറുള്ളത്. എല്ലാ അപ്പാർട്ട്മെന്റുകളിലും ഇത്തരം മുറികൾ സജ്ജീകരിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

