ഇറാൻ ഡ്രോണുകൾ ഇതാദ്യമായി വീടുകൾക്കുമേൽ പതിച്ചുവെന്ന ആരോപണവുമായി ഇസ്രായേൽ
text_fieldsതെൽ അവീവ്: ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായി ഇറാൻ ഡ്രോണുകൾ വീടുകൾക്കുമേൽ പതിച്ചുവെന്ന ആരോപണവുമായി ഇസ്രായേൽ. വടക്കൻ നഗരമായ ബെയ്ത് ഷെയിൽ ശനിയാഴ്ച രാവിലെ ഡ്രോൺ പതിച്ചുവെന്ന് ഐ.ഡി.എഫ് അറിയിച്ചു. ഷാഹെദ്-136 ഡ്രോൺ വെടിവെച്ചിടാൻ നോക്കിയെങ്കിലും പരാജയപ്പെട്ടുവെന്നും ഇസ്രായേൽ വ്യക്തമാക്കി.
ആക്രമണത്തിൽ വീടിന് കേടുപാടുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്. വെള്ളിയാഴ്ചക്കും ശനിയാഴ്ചക്കുമിടയിൽ 40 ഡ്രോണുകൾ വെടിവെച്ചിട്ടുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ബെയ്ത് ഷെയിൽ മറ്റൊരു ഡ്രോൺ കൂടി പതിച്ചുവെങ്കിലും നാശനഷ്ടമുണ്ടായില്ലെന്നും ഇസ്രായേൽ അറിയിച്ചു.
അതേസമയം, ഇറാനിലെ ഇസ്ഫഹാൻ ആണവ കേന്ദ്രം ഇസ്രായേൽ ആക്രമിച്ചു. ആക്രമണത്തിൽ റേഡിയേഷൻ ചോർച്ചയുണ്ടായിട്ടില്ലെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു. ഇസ്ഫഹാൻ ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.
ശനിയാഴ്ച രാവിലെയാണ് ഇസ്രായേൽ മിസൈലുകൾ ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിൽ പതിച്ചത്. ആർക്കും ജീവാപായമുണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇസ്ഫഹാനിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പുനഃക്രമീകരണം നടക്കുന്ന സ്ഥലമുണ്ടെന്നും ആണവായുധം വികസിപ്പിക്കുന്ന പ്രക്രിയയിലെ ഘട്ടമാണിതെന്നും ഇസ്രായേൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

