യാത്രക്കാർ ജാഗ്രതൈ; ഇത്തിഹാദ് ട്രെയിനിൽ നിയമം ലംഘിക്കേണ്ട...പിഴ കിട്ടും
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: യു.എ.ഇയിലെ പ്രഥമ യാത്രാ ട്രെയിന്‍ സര്‍വീസായ ഇത്തിഹാദ് റെയിലില്‍ യാത്ര ചെയ്യുന്നവര്‍ നിയങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന കാര്യം മറക്കേണ്ട. യാത്രയില്‍ പാലിക്കേണ്ട സുരക്ഷാ-നിയമ നിര്‍ദേശങ്ങളും ലംഘിച്ചാല്‍ ചുമത്തുന്ന പിഴകളും അധികൃതര്‍ പുറത്തുവിട്ടു. നിയമലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് 100 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയാണ് പിഴ. അബൂദബിക്കും ഫുജൈറക്കുമിടയില്‍ സര്‍വീസ് ആരംഭിച്ച ട്രെയിന്‍ ഇതിനകം വന്‍ ജനപ്രീതിയാണ് നേടിയിട്ടുള്ളത്. യാത്രക്കാര്‍ പാലിക്കേണ്ട പ്രധാന നിയമങ്ങളും വിവിധ പിഴകളും ഇങ്ങനെ.
200 ദിര്‍ഹം പിഴ ലഭിക്കുന്ന കാര്യങ്ങള്‍
ട്രെയിനിലോ റെയില്‍വേ പരിസരങ്ങളിലോ മാലിന്യം തള്ളുക, സീറ്റുകളില്‍ കാല്‍വെച്ചിരിക്കുക, യാത്ര കഴിഞ്ഞ് സ്റ്റേഷനിലെത്തിയാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും പ്ലാറ്റ്ഫോമില്‍നിന്ന് മാറാന്‍ വിസമ്മതിക്കുക, സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റ് കാണിക്കുകയോ ചെയ്യുക. അര്‍ഹതയില്ലാതെ ഡിസ്‌കൗണ്ട് ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുകയോ വ്യാജ ടിക്കറ്റ് നിര്‍മിക്കുകയോ ചെയ്യുക, തങ്ങള്‍ക്ക് അനുവദിച്ചതല്ലാത്ത ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യുക, റിസര്‍വ് ചെയ്ത സീറ്റുകളില്‍ അനുമതിയില്ലാതെ ഇരിക്കുക, ട്രെയിന്‍ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുക, ലഹരി ഉപയോഗിച്ച് സ്റ്റേഷനിലോ ട്രെയിനിലോ പ്രവേശിക്കുക, മദ്യപിക്കുകയോ മദ്യം കൈവശം വെക്കുകയോ ചെയ്യുക.
500 ദിര്‍ഹം പിഴ ലഭിക്കുന്ന കാര്യങ്ങള്‍
ട്രെയിനുകളിലോ സ്റ്റേഷനുകളിലോ നിരോധിത സ്ഥലങ്ങളില്‍ പുകവലിക്കുകയോ വേയ്പ് ഉപയോഗിക്കുകയോ ചെയ്യുക, സഹയാത്രികര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ബഹളമുണ്ടാക്കുക, ഭീഷണിപ്പെടുത്തുക, തുപ്പുക, അസഭ്യം പറയുക തുടങ്ങിയ മോശം പെരുമാറ്റങ്ങള്‍. ട്രെയിന്‍ സര്‍വീസുകള്‍ വൈകിക്കാന്‍ കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്യുക, ട്രെയിന്‍ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുക, ലഹരിപദാര്‍ഥങ്ങള്‍ കൈവശം വെക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുക, മുന്‍കൂര്‍ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ചിത്രീകരണങ്ങളോ ഫോട്ടോഗ്രഫിയോ നടത്തുക.
5000 ദിര്‍ഹം പിഴ ലഭിക്കുന്ന കാര്യങ്ങള്‍
ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പ് വാതിലുകള്‍ അടയുന്നത് തടസ്സപ്പെടുത്തുക, അല്ലെങ്കില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കുക. അടിയന്തര ആവശ്യങ്ങളില്ലാതെ എമര്‍ജന്‍സി അലാറം, എമര്‍ജന്‍സി ബ്രേക്ക്, അഗ്‌നിശമന ഉപകരണങ്ങള്‍, എമര്‍ജന്‍സി എക്‌സിറ്റുകള്‍ എന്നിവ ദുരുപയോഗം ചെയ്യുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്യുക. ട്രെയിനില്‍ നിന്നോ പ്ലാറ്റ്ഫോമില്‍ നിന്നോ പുറത്തേക്ക് സാധനങ്ങള്‍ വലിച്ചെറിയുക, റെയില്‍വേ ഭൂമിയില്‍ അതിക്രമിച്ചു കയറുക, ട്രെയിനിലോ സ്റ്റേഷനിലോ വരച്ചുവെക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്യുക.
ഇവ കൂടാതെ പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് 100 മുതല്‍ 10,000 ദിര്‍ഹം വരെ ഇത്തിഹാദ് റെയിലിന്റെ വിവേചനാധികാരത്തില്‍ പിഴ ചുമത്താവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

