‘ഇറാനിലെ എണ്ണ പിടിച്ചെടുക്കുകയാണ് ലക്ഷ്യം’; ഖാർഗ് ദ്വീപിന്മേൽ കണ്ണുവെച്ച് ട്രംപ്
text_fieldsഡോണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് അമേരിക്കയുടെ പരിഗണനയിലാണെന്ന വെളിപ്പെടുത്തലുമായി യു.എസ ്പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകാൻ സാധ്യതയുള്ള ട്രംപിന്റെ ഈ വിവാദ പരാമർശം. ഇറാന്റെ സാമ്പത്തിക സ്രോതസ്സായ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ് തന്റെ പ്രിയപ്പെട്ട വഴിയെന്ന് ട്രംപ് തുറന്നു പറഞ്ഞു.
"ഇറാനിലെ എണ്ണ പിടിച്ചെടുക്കുക എന്നതാണ് എനിക്ക് ഏറ്റവും താൽപ്പര്യമുള്ള കാര്യം. എന്നാൽ ഇതിനെ എതിർക്കുന്ന വിഡ്ഢികളായ ചിലർ അമേരിക്കയിലുണ്ട്. എന്തിനാണ് ഇത് ചെയ്യുന്നതെന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ അവർക്ക് കാര്യങ്ങൾ അറിയില്ല." -ഡോണാൾഡ് ട്രംപ് പറഞ്ഞു.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. ഈ ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ വാഷിങ്ടൺ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ഇറാൻ അവിടെ പ്രതിരോധം തീർക്കുമെന്ന് താൻ കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. വളരെ എളുപ്പത്തിൽ അത് കീഴടക്കാൻ അമേരിക്കക്ക് സാധിക്കുമെന്നാണ് ട്രംപിന്‍റെ അവകാശവാദം.
അഭിമുഖത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മറീനുകളും 82-ാം എയർബോൺ ഡിവിഷനും ഉൾപ്പെടെ ആയിരക്കണക്കിന് സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിനോടകം 13,000 ലക്ഷ്യസ്ഥാനങ്ങളിൽ ബോംബാക്രമണം നടത്തിയെന്നും ഇനിയും 3,000 ലക്ഷ്യങ്ങൾ കൂടി ബാക്കിയുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം, കാര്യങ്ങൾ വേഗത്തിൽ ഒത്തുതീർപ്പാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാനുമായി പരോക്ഷമായ ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് വെളിപ്പെടുത്തി. പാകിസ്താൻ വഴിയാണ് ഈ മധ്യസ്ഥ നീക്കങ്ങൾ നടക്കുന്നത്. ഹുർമുസ് കടലിടുക്കിലൂടെ പാകിസ്താൻ പതാക ഘടിപ്പിച്ച ടാങ്കറുകൾക്ക് ഇറാൻ അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു. ഇറാൻ പാർലമെന്റ് സ്പീക്കർ ഇതിന് അംഗീകാരം നൽകിയതായും ട്രംപ് അവകാശപ്പെട്ടു. ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കം മേഖലയിൽ വലിയ യുദ്ധത്തിന് വഴിമരുന്നിടുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

