‘പരമോന്നത നേതാവ് ഇനിയില്ല...’; മുജ്തബ ഖാംനഈ മരിച്ചിരിക്കാമെന്ന് ട്രംപ്, അടുത്ത ലക്ഷ്യം ക്യൂബ
text_fieldsവാഷിങ്ടൺ: ഇറാന്‍റെ മുതിർന്ന നേതാക്കളെ പൂർണമായി ഇല്ലാതാക്കിയെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രവർത്തനക്ഷമമായ ഒരു പരമോന്നത നേതാവ് ഇപ്പോൾ ഇറാനില്ലെന്നും മുജ്തബ ഖാംനഈ മരിക്കുകയോ, അദ്ദേഹത്തിന് ഗുരുതര പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.
യു.എസ് സൈനിക നടപടി ഇറാൻ നേതൃത്വത്തെയും സൈനിക ശക്തിയെയും തകർത്തുക്കളഞ്ഞു. മുതിർന്ന നേതാക്കളെയെല്ലാം തുടച്ചുനീക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ‘അവരുടെ സുപ്രീം നേതാവ് ഇനി സുപ്രീം അല്ല. വ്യോമ പ്രതിരോധ, ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും നശിപ്പിച്ചു. നേതാക്കൾ എല്ലാവരും മരിച്ചു. അവരാരും നല്ല നിലയിൽ ഇരിക്കുന്നുവെന്ന് തോന്നുന്നില്ല. മുജ്തബ മരിച്ചു, അല്ലെങ്കിൽ ഗുരുതരാവസ്ഥയിലാണ്. കാരണം അദ്ദേഹം ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല’ -ട്രംപ് പ്രതികരിച്ചു.
മിയാമിയിൽ സൗദി അറേബ്യയുടെ പിന്തുണയോടെ സംഘടിപ്പിച്ച 'ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്' ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍റെ സൈനിക ശേഷി നശിപ്പിക്കുന്നതിൽ പ്രതീക്ഷിച്ചതിനേക്കാൾ മുന്നോട്ടുപോകാൻ യു.എസ് സൈന്യത്തിനായി. ഇറാന്‍റെ നാവികസേന ഇല്ലാതായി. ഗൾഫിന്‍റെ അടിത്തട്ടിൽ എല്ലാം മുങ്ങിപോയി. അവരുടെ വ്യോമസേന പൂർണമായി നശിപ്പിക്കപ്പെട്ടു. ഇറാന്റെ ആയുധ ശേഖരങ്ങൾ തകർക്കുകയും ആരും ഒരിക്കലും സാധ്യമെന്ന് കരുതാത്ത തലത്തിൽ അവരുടെ മിസൈൽ, ഡ്രോൺ ഫാക്ടറികൾ നശിപ്പിക്കുകയും ചെയ്തു. അവരുടെ പ്രതിരോധ വ്യവസായ അടിത്തറ പൂർണമായും തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനുമായുള്ള ഏതൊരു കരാറിനും ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക എന്നതും എണ്ണ കയറ്റുമതിക്കുള്ള സമുദ്രപ്രവേശനം പുനഃസ്ഥാപിക്കുക എന്നതും പ്രധാന വ്യവസ്ഥയാണെന്ന് പറഞ്ഞ ട്രംപ്, പ്രസംഗത്തിനിടെ ഹുർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇറാൻ രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ ആണവായുധം നിർമിക്കുമായിരുന്നു. എന്നാൽ അമേരിക്കയുടെ ആക്രമണം അവരുടെ പദ്ധതികളെ വർഷങ്ങൾ പിന്നിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള വിഷയത്തിൽ അമേരിക്കയെ സഹായിക്കാത്ത നാറ്റോയെ രൂക്ഷമായി വിമർശിച്ചു. കടലാസ് കടുവ എന്നാണ് നാറ്റോയെ വിശേഷിപ്പിച്ചത്. അടുത്ത സൈനിക നടപടി ക്യൂബക്കെതിരെയാകുമെന്ന സൂചനയും ട്രംപ് നൽകി.
പശ്ചിമേഷ്യൻ സംഘർഷം 28 ദിവസം പിന്നിടവേ, ഇറാനിലെ ഊർജ നിലയങ്ങൾ 10 ദിവസത്തേക്കുകൂടി ആക്രമിക്കില്ലെന്ന് വെള്ളിയാഴ്ച അറിയിച്ച ട്രംപ് മറുവശത്ത് പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. വെടിനിർത്തൽ നീട്ടി സമാധാന ചർച്ചകൾ സജീവമാക്കുന്നതിനിടെയാണ് സമാന്തരമായുള്ള സൈനിക നീക്കം. യു.എസിന്റെ നീക്കം മുൻകൂട്ടിക്കണ്ട് ഇറാനും അതിജാഗ്രതയിലാണ്. മറുതന്ത്രമെന്ന നിലയിൽ, ഹുർമുസിൽ ഇനി ശത്രുരാജ്യങ്ങളുടെ കപ്പലുകൾ പ്രവേശിപ്പിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
അതേസമയം, മേഖലയിൽ ആക്രമണ-പ്രത്യാക്രമണങ്ങളും ശക്തമായി തുടരുകയാണ്. ഇറാനിലും ലബനാനിലുമായി 24 മണിക്കൂറിനിടെ 80ലധികം പേർ കൊല്ലപ്പെട്ടു. ഇറാനുമായി സമാധാന ചർച്ച നല്ല നിലയിൽ തുടരുന്ന സാഹചര്യത്തിൽ ഊർജനിലയങ്ങൾക്കുനേരെയുള്ള വെടിനിർത്തൽ പത്തുദിവസം കൂടി നീട്ടുന്നുവെന്നാണ് കഴിഞ്ഞദിവസം ട്രംപ് ‘ട്രൂത്തി’ൽ കുറിച്ചത്. ഇറാന്റെ അഭ്യർഥന കൂടി പരിഗണിച്ചാണിതെന്നും അവർ ആവശ്യപ്പെട്ടതിനേക്കാൾ മൂന്ന് ദിവസം അധികമായി നൽകുകയാണെന്നും ട്രംപ് പറയുന്നു. ഈ പ്രസ്താവനക്കുപിന്നാലെയാണ്, പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാനുള്ള നീക്കം വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 10,000 സൈനികരെ അയക്കുന്നതായാണ് റിപ്പോർട്ട്. കരയാക്രമണത്തിന് ട്രംപിന് പദ്ധതിയുള്ളതായും അതിനുള്ള ഒരുക്കങ്ങൾക്കാണ് പത്തുദിവസത്തെ വെടിനിർത്തൽ എന്നും വാൾസ്ട്രീറ്റ് ജേർണൽ വിലയിരുത്തുന്നു.
അതേസമയം, വീട്ടുവീഴ്ചക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഇറാൻ. ഹുർമുസിൽ പ്രതിരോധം കടുപ്പിച്ച ഇറാൻ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ പ്രത്യാക്രമണവും ശക്തമാക്കി. സൗദി തലസ്ഥാനമായ റിയാദിനെ പ്രത്യേകം ലക്ഷ്യംവെക്കുമെന്ന് ഇറാൻ സേന പറഞ്ഞു. തെൽ അവീവിൽ ഇന്നലെയും മിസൈൽ ആക്രമണങ്ങൾ നടന്നു. മറുവശത്ത്, പ്രശ്ന പരിഹാര ശ്രമം തുടരുന്നതായി പാകിസ്താൻ പറയുന്നു. ചൈനീസ് വിദേശകാര്യ മന്ത്രിയുൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിട്ടുെണന്നെും ഈ മാസം അവസാനത്തോടെ സമാധാന കരാറിലേക്ക് എത്താൻ കഴിയുമെന്ന് പാക് വിദേശകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

