സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ; വീടുകളിലേക്ക് മടങ്ങുന്നവർക്കു നേരെ ഡ്രോൺ ആക്രമണവും വെടിവെപ്പും; ഒമ്പത് മരണം
text_fieldsവെടിനിർത്തലിനു പിന്നാലെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഗസ്സക്കാർ
ഗസ്സ: വെടിനിർത്തൽ ധാരണയും, ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച സമാധാന കരാറും ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണം തുടരുന്നു.
സമാധാനം പുലർന്നുവെന്നുറപ്പിച്ചതിനു പിന്നാലെ പലായനം ചെയ്ത വീടുകളിലേക്ക് തിരികെ യാത്ര തുടങ്ങിയ ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലും വെടിവെപ്പിലുമായി ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ന്യൂസ് ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ ശറമുൽ ശൈഖിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും മധ്യസ്ഥ രാഷ്ട്ര നേതാക്കളും പങ്കെടുത്ത ഉച്ചകോടിയിൽ ഗസ്സ സമാധാന കാരാറിൽ ഒപ്പുവെച്ചതിനു പിന്നാലെയാണ് ചൊവ്വാഴ്ച ആക്രമണം നടന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച ഉച്ചവരെയായി ഒമ്പത് പേർകൊല്ലപ്പെട്ടു. ഏഴുപേർ ഏറ്റവും പുതിയ ആക്രമണങ്ങളിലാണ് മരിച്ചത്. രണ്ടുപേർ നേരത്തെയുള്ള ആക്രമണങ്ങളിൽ പരിക്കേറ്റവരാണ്.
വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്നതിനു ശേഷം ഇതുവരെയായി 250ഓളം മൃതദേഹങ്ങളാണ് രക്ഷാ പ്രവർത്തകർ ഗസ്സയിലെ തെരുവുകളിൽ നിന്നും കണ്ടെത്തിയത്.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ വടക്കൻ ഗസ്സയിലെ സ്വന്തം വീടുകൾ തേടി മടങ്ങുന്നവർക്കു നേരെയായിരുന്നു ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതെന്നാണ് വിവരം. ഷുജാഇയ പ്രദേശത്താണ് ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്കെതിരെ വെടിയുതിർത്തത്. ഇവിടെ അഞ്ചു പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ ഡ്രോൺ ആക്രമണമുണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇവിടെ നിരവധി പേർക്ക് പരിക്കേറ്റതായും മരണങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
ഷുജാഇയയിലെ വെടിവെപ്പ് ഇസ്രായേൽ സൈന്യം ‘എക്സ്’ പോസ്റ്റിൽ സ്ഥിരീകരിച്ചു. വീടുകളിലേക്ക് മടങ്ങുന്ന ഫലസ്തീനികൾ സൈന്യം നിശ്ചയിച്ച യെല്ലോ ലൈൻ മറികടന്ന് തങ്ങൾക്കരികിലെത്തിയപ്പോൾ വെടിവെച്ചുവെന്നാണ് സൈന്യത്തിന്റെ വാദം. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപിച്ച്, സൈന്യം പിൻമാറിയെന്ന വാർത്തകൾക്കിടയിൽ സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന ഫലസ്തീനികളെയാണ് സൈന്യം ലക്ഷ്യമിട്ടതെന്ന് ‘എക്സ്’ പ്ലാറ്റ്ഫോമിലെ വിവിധ പോസ്റ്റുകൾ സൂചിപ്പിക്കുന്നു.
വെടിനിർത്തലും സമാധാന കരാറും പ്രാബല്ല്യത്തിൽ വന്നിട്ടും ഇസ്രായേൽ സൈന്യം ആവർത്തിച്ച് ലംഘനം നടത്തുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതി പ്രാബല്യത്തിൽ വന്നിട്ടും പ്രദേശത്ത് അക്രമം തുടരുകയാണ് ഇസ്രയേലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഗസ്സയിൽ സമാധാനം പുലർന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ ട്രംപ് അടക്കമുള്ള നേതാക്കൾ ഒപ്പുവെച്ചിരുന്നു. അമേരിക്കക്ക് പുറമെ ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രയേലും ഹമാസും ഒപ്പുവെച്ചില്ലെങ്കിലും കരാറിനെ അംഗീകരിച്ചിരുന്നു.
ശറമുൽ ശൈഖിൽ നടന്ന ഉച്ചകോടിയിൽ ഇരുപതിലധികം രാഷ്ട്ര തലവൻമാരാണ് പങ്കെടുത്തത്. ബന്ദിമോചനം, സൈനിക പിന്മാറ്റം, പ്രാദേശിക സുരക്ഷയുടെ സ്ഥിരത എന്നീ കാര്യങ്ങൾ ഉൾകൊള്ളുന്നതാണ് കരാർ.
അതിനിടെ, സമാധാന കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലുകളിൽ മരിച്ച 45 ഫലസ്തീനികളുടെ മൃതദേഹം റെഡ്‌ക്രോസ് മുഖാന്തരം ചൊവ്വാഴ്ചയോടെ കൈമാറി. ബന്ദി മോചനത്തിന് പകരമായി 1900ത്തോളം ഫലസ്തീൻ തടവുകാരെയാണ് തിങ്കളാഴ്ച വിട്ടയച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 77ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

