‘വേണ്ട, നന്ദി’; നാവിക ആശുപത്രി കപ്പൽ നൽകാമെന്ന് ട്രംപ്; നിരസിച്ച് ഗ്രീൻലാൻഡ്
text_fieldsഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെ അവിടേക്ക് കപ്പൽ ആശുപത്രി അയക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാഗ്ദാനം തള്ളി ഡെന്മാർക്കും ഗ്രീൻലാൻഡും. ഗ്രീൻലാൻഡിലെ ജനങ്ങൾ രോഗബാധിതരാണെന്നും അവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ട്രംപ് 'യു.എസ്.എൻ.എസ് മേഴ്‌സി' (USNS Mercy) എന്ന അത്യാധുനിക കപ്പൽ ആശുപത്രി അയക്കുമെന്ന് പ്രഖ്യാപിച്ചത്.
‘ഞങ്ങളുടെ ഭാഗത്തുനിന്നും ഇതിന് 'വേണ്ട, നന്ദി' എന്ന് മാത്രമേ പറയാനുള്ളൂ എന്നാണ് ട്രംപിന്റെ വാഗ്ദാനത്തിന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ ഫേസ്ബുക്കിലൂടെ നൽകിയ മറുപടി. ഗ്രീൻലാൻഡിൽ പൊതുജനാരോഗ്യ സംവിധാനം സൗജന്യമാണ്. എന്നാൽ അമേരിക്കയിൽ ഡോക്ടറെ കാണണമെങ്കിൽ പണം നൽകേണ്ട അവസ്ഥയാണെന്നും നീൽസൺ പറഞ്ഞു. ഗ്രീൻലാൻഡിലെ ജനങ്ങൾക്ക് ആവശ്യമായ ചികിത്സ അവിടെത്തന്നെ ലഭിക്കുന്നുണ്ടെന്നും, പ്രത്യേക ചികിത്സ ആവശ്യമുള്ളവർക്ക് അത് ഡെന്മാർക്കിൽ ലഭ്യമാക്കുന്നുണ്ടെന്നും ഡാനിഷ് പ്രതിരോധ മന്ത്രി ട്രോയൽസ് ലണ്ട് പോൾസൺ വ്യക്തമാക്കി.
ആർട്ടിക് മേഖലയിൽ തന്ത്രപരമായ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. തന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിൽ യു.എസ് നേവി കപ്പലിന്റെ എ.ഐ നിർമിത ചിത്രം പങ്കുവെച്ച ട്രംപ്, കപ്പൽ പുറപ്പെട്ടുകഴിഞ്ഞു എന്നും കുറിച്ചു. ഗ്രീൻലാൻഡിനായുള്ള പ്രത്യേക യു.എസ് പ്രതിനിധി ജെഫ് ലാൻഡ്രിയുമായി ചേർന്നാണ് ഈ നീക്കമെന്ന് ട്രംപ് സൂചിപ്പിച്ചു. റഷ്യക്കും ചൈനക്കും ഇടയിൽ അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കാൻ ഗ്രീൻലാൻഡ് നിയന്ത്രിക്കണമെന്നത് ട്രംപിന്റെ പഴയ നിലപാടാണ്.
57,000 മാത്രം ജനസംഖ്യയുള്ള ഗ്രീൻലാൻഡിൽ അഞ്ച് പ്രാദേശിക ആശുപത്രികളുണ്ട്. ഡെന്മാർക്കുമായുള്ള കരാർ പ്രകാരം ഇവിടുത്തെ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകളിൽ ഗ്രീൻലാൻഡ് ജനത കടുത്ത അമർഷത്തിലാണ്. ‘ട്രംപ് ഗ്രീൻലാൻഡിനെക്കുറിച്ച് നിരന്തരം ട്വീറ്റ് ചെയ്തുകൊണ്ടേയിരിക്കുന്നു. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ഇതൊരു പുതിയ രീതിയായി മാറിയിരിക്കുകയാണ്’ എന്ന് ഡാനിഷ് പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

