അമേരിക്കയിൽ ചരിത്രമെഴുതി ഗസല ഹഷ്മി; വെർജീനിയ ലഫ്. ഗവർണറായി ഇന്ത്യൻ വംശജ; പദവിയിലെത്തുന്ന ആദ്യ മുസ്‍ലിം വനിത
text_fieldsഗസല ഹഷ്മി
വെർജീനിയ: ന്യൂയോർക്ക് മേയറായി ഡെമോക്രാറ്റ് പ്രതിനിധി സൊഹ്റാൻ മംദാനിയുടെ തെരഞ്ഞെടുക്കപ്പെട്ടതിനിടെ അമേരിക്കയിൽ ഏറ്റവും വലിയ വിജയം നേടി ഇന്ത്യൻ വംശജയായ മുസ്‍ലിം സ്ഥാനാർഥി ഗസല ഹഷ്മി.
വെർജിനിയ സ്റ്റേറ്റിന്റെ ലഫ്റ്റനന്റ് പദവിയിലേക്കാണ് ഹൈദരാബാദിൽ ജനിച്ച ഗസല ഹഷ്മി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ റീഡിനെയാണ് വ്യക്തമായ മേധാവിത്വത്തിൽ ഗസല തോൽപിച്ചത്. നിലവിൽ റിച്ച്മോണ്ട് സൗത്ത് സ്റ്റേറ്റ് സെനറ്ററായ ഇവർ, അമേരിക്കയിലെ 45 സ്റ്റേറ്റുകളുടെ ചരിത്രത്തിൽ ലഫ്റ്റനന്റ് ഗവർണർ പദവിയിലെത്തുന്ന ആദ്യ മുസ്‍ലിം-ഏഷ്യൻ അമേരിക്കനായി മാറി.
1964ൽ ഹൈദരാബാദിൽ ജനിച്ച്, അഞ്ചു വയസ്സുവരെ ഇന്ത്യയിൽ വളർന്ന ശേഷമാണ് മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. പഠനം പൂർത്തിയാക്കിയ ശേഷം വിദ്യഭ്യാസ-അകാദമിക് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. റിച്മോണ്ട് സർവകലാശാലയിലും ജെ. സർജന്റ് റെയ്നോൾഡ്സ് കമ്യൂണിറ്റി കോളജിലുമായി 25 വർഷത്തോളം അധ്യാപക ജീവിതം നയിച്ച ശേഷം, സെന്റർ ഫോർ എക്സലൻസ് ടീച്ചിങ് ആന്റ് ലേണിങ് സ്ഥാപക ഡയറക്ടറായും പ്രവർത്തിച്ചു. ഹൈദരബാദില്‍ സിയാ ഹഷ്മി, തന്‍വീര്‍ ഹഷ്മി എന്നിവരുടെ മകളായിട്ടാണ് ജനിച്ചത്. അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡൻറായിരുന്ന ഗസലയുടെ പിതാവ്.
2019ലാണ് വെർജിനിയ സെനറ്റ് തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 10ാം ഡിസ്ട്രിക്ട് പ്രതിനിധിയായി സെനറ്റിലെ ആദ്യ മുസ്‍ലിം അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2023ൽ 15ാം ഡിസ്ട്രിക്ടിൽ മത്സരത്തിനിറങ്ങിയ ഗസലയെ 60 ശതാമനം വോട്ടിനാണ് വീണ്ടും തെരഞ്ഞെടുത്തത്.
2024 മേയിൽ വെർജിന ലഫ്. ഗവർണർ പദവിയിലേക്കുള്ള ഡെമോക്രാറ്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ, അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്‍ലിം, ഏഷ്യൻ അമേരിക്കൻ ലഫ്. ഗവർണർ പദവിയിലേക്കുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു. ജൂണിൽ നടന്ന ഡെമോക്രാറ്റ് പ്രൈമറിയിൽ റിച്ച്മോണ്ട് മേയർ ലെവർ സ്റ്റോണിയെ പിന്തള്ളിയാണ് ആദ്യ കടമ്പ കടക്കുന്നത്. ലഫ്. ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രതിനിധി ജോൺ റീഡിനെതിരെ 55.2 ശതമാനം വോട്ട് നേടിയാണ് വിജയിക്കുന്നത്. 17.47 ലക്ഷത്തോളം വോട്ടുകൾ സ്വന്തമാക്കി.
നിലവിലെ ലഫ്. ഗവർണറും റിപ്പബ്ലിക്കൻ പ്രതിനിധിയുമായ വിൻസം സിയേഴിസന്റെ പിൻഗാമിയായി ജനുവരിയിൽ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേൽക്കുമ്പോൾ അമേരിക്കൻ മണ്ണിൽ പിറക്കുന്നത് മറ്റൊരു ചരിത്രമായി മാറും.
വെർജിന ഗവർണർ പദവിയിലും ഡെമോക്രാറ്റിന്റെ വനിതാ പ്രതിനിധി അബിഗെയ്ൽ സ്പാൻബെർഗർ വിജയം കണ്ടു. നിലവിലെ ലഫ്. ഗവർണർ വിൻസം സിയേഴ്സിനെയാണ് തോൽപിച്ചത്. വെർജിന സ്റ്റേറ്റിന്റെ ചരിത്രത്തിലെ ആദ്യവനിതാ ഗവർണറായി അബിഗെയ്ൽ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

