ഇറാൻ മിസൈൽ ഹൈഫയിലും പതിച്ചു; എണ്ണ ശുദ്ധീകരണശാലക്ക് കേടുപാടുകൾ
text_fieldsടെഹ്റാൻ: ഇറാൻ ഞായറാഴ്ച രാത്രിയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ വടക്കൻ നഗരമായ ഹൈഫയിലും നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ബസാൻ എണ്ണ ശുദ്ധീകരണശാല സമുച്ചയത്തിലെ പൈപ്പ്ലൈനുകൾക്കും ട്രാൻസ്മിഷൻ ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചതായി കമ്പനി ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സൈറ്റിലെ മറ്റ് സൗകര്യങ്ങൾ അടച്ചുപൂട്ടിയെങ്കിലും ശുദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്ന് കമ്പനി പറയുന്നു. നാശത്തിന്റെ ആഘാതവും അടച്ചുപൂട്ടിയ സൗകര്യങ്ങൾ പ്രവർത്തനത്തിലേക്ക് മടങ്ങുന്നതും പരിശോധിച്ചുവരികയാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു.
ഹൈഫയിലെ വലിയ പ്രദേശത്ത് ഒറ്റരാത്രികൊണ്ട് 40 തോളം മിസൈലുകളാണ് പതിച്ചത്. അതിലൊന്ന് സമീപ പട്ടണമായ തമ്രയിലെ ഒരു വീട്ടിൽ വീണ് നാലു പേർ കൊല്ലപ്പെട്ടതായും പറയുന്നു.
അതിനിടെ, ഇസ്ഫഹാനിൽ ഇറാൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ലഭിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഷിറാസിലെയും മറ്റിടങ്ങളിലെയും വ്യോമാക്രമണങ്ങളെയും കുറിച്ച് റിപ്പോർട്ടുകൾ ലഭിച്ചുവെന്നും കെർമൻഷായിൽ രണ്ട് കുതിര വളർത്തൽ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചതായും അതിൽ 50-60 കുതിരകൾ കൊല്ലപ്പെട്ടുവെന്നും അൽജസീറ പറയുന്നു.
ഞായാറാഴ്ച രാത്രിയിൽ, തെഹ്റാനിലെ എണ്ണ ഡിപ്പോകൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. തുടക്കത്തിൽ എണ്ണ ശുദ്ധീകരണശാല കേന്ദ്രം ആക്രമിക്കപ്പെട്ടുവെന്നായിരുന്നു വിവരം. പിന്നീട് അത് ശരിയല്ലെന്ന് തെളിഞ്ഞു. ഇന്ധന ഡിപ്പോയാണ് ആക്രമിക്കപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങൾ കെടുത്താനായി പ്രവർത്തിക്കുന്നു.
അതേസമയം, ഇസ്രായേൽ തുടരുന്നിടത്തോളം കാലം ഇറാൻ ആക്രമണം തുടരുമെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഉൾപ്പെടെയുള്ള വിവിധ ഇറാനിയൻ ഉദ്യോഗസ്ഥരിൽ നിന്ന് ശക്തമായ പ്രസ്താവനകൾ പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

