വീണ്ടും കൂട്ട ഇറങ്ങിപ്പോക്ക്; ബഹിഷ്കരണ ചൂടറിഞ്ഞ് ഇസ്രായേൽ പ്രസിഡന്റ്
text_fieldsബിന്യമിൻ നെതന്യാഹു, ഐസക് ഹെർസോഗ്
ബാകു: അന്താരാഷ്ട്ര വേദിയിൽ വീണ്ടും പ്രതിഷേധച്ചൂടറിഞ്ഞ് ഇസ്രായേൽ. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നടക്കുന്ന 'കോൺഫറൻസ് ഓൺ ഇന്ററാക്ഷൻ ആൻഡ് കോൺഫിഡൻസ് ബിൽഡിങ് മെഷേഴ്സ് ഇൻ ഏഷ്യ' (സി.ഐ.സി.എ) ഉച്ചകോടിയിൽ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രസംഗിക്കാൻ ആരംഭിച്ചതോടെ തുർക്കിയ അടക്കം പത്തോളം രാജ്യങ്ങളുടെ പ്രതിനിധികൾ ഹാൾ ബഹിഷ്കരിച്ച് പുറത്തുപോയി.
വ്യാഴാഴ്ച ഉച്ചക്കുശേഷം ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കാനായി ഹെർസോഗ് വേദിയിലേക്ക് ഉയർന്ന ഉടനെയാണ് നയതന്ത്ര പ്രതിനിധികൾ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയത്. ഇതിനുപിന്നാലെ, ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സി.ഐ.സി.എയിൽ നിന്ന് ഇസ്രായേലിനെ പുറത്താക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാൻ ഡെപ്യൂട്ടി ലീഗൽ അഫയേഴ്സ് മന്ത്രി കാസെം ഗരീബാബാദിയാണ് ഇസ്രായേലിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
ഭീഷണികളിലൂടെയോ സമ്മർദ്ദങ്ങളിലൂടെയോ അല്ല, മറിച്ച് പരസ്പര ബഹുമാനത്തിലൂടെയും വിശ്വാസവർധനവിലൂടെയും സ്വതന്ത്ര രാജ്യങ്ങൾ തമ്മിലുള്ള തുല്യമായ സഹകരണത്തിലൂടെയുമാണ് ഏഷ്യയിൽ സുസ്ഥിരമായ സുരക്ഷ കൈവരിക്കാനാകുന്നതെന്ന് ഇറാൻ ഐ.ആർ.ഐ.ബി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ഗരീബാബാദി വ്യക്തമാക്കി.
2023 ഒക്ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ സൈന്യം തുടരുന്ന വംശഹത്യയിലും പതിനായിരക്കണക്കിന് ഫലസ്തീനികളുടെ കൊലപാതകത്തിലും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തതിലുമുള്ള ശക്തമായ അമർഷമാണ് പ്രതിഷേധത്തിന് കാരണം. ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെ ലോകമെമ്പാടും വൻ പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര ഉച്ചകോടിയിലും നയതന്ത്ര തിരിച്ചടി നേരിട്ടത്.
ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ സഹകരണവും വിശ്വാസ്യതയും വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സി.ഐ.സി.എയിൽ 28 അംഗരാജ്യങ്ങളാണുള്ളത്. ഏഷ്യയുടെ 90 ശതമാനത്തോളം ഭൂപ്രദേശത്തെയും ലോക ജനസംഖ്യയുടെ പകുതിയിലധികത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ കൂട്ടായ്മ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

